അരങ്ങ് ചൊല്ലിയുണർന്നു. സദസ്സ് ചൊൽക്കാഴ്ച കൊണ്ടറിഞ്ഞു.

ഡോംബിവിലി കേരളീയ സമാജം നവമ്പർ 3ന് ശനിയാഴ്ച മോഡൽ സ്കൂളിൽ സംഘടിപ്പിച്ച “ചൊല്ലരങ്ങും ചൊൽക്കാഴ്ച്ചയും “, പ്രവാസി മലയാളികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു നവ്യാനുഭവമായി.
ചൊല്ലരങ്ങിൽ, വള്ളത്തോളിന്റെ “മലയാളത്തിന്റെ തല ” അർച്ചനയും, സുഗതകുമാരിയുടെ “അഭിസാരിക ” അമൃതയും, വൈലോപ്പിള്ളിയുടെ “കാക്ക ” അക്ഷയയും, ശ്രീകുമാരൻ തമ്പിയുടെ “അച്ഛന്റെ ചുംബനം” വീണയും, ആലങ്കോട് ലീലാകൃഷ്ണന്റെ “ശ്രാവണ മാധവം” രേഷ്മയും, വിജയലക്ഷ്മിയുടെ “പ്രവാസം” ശരണ്യയും, പി പി രാമചന്ദ്രന്റെ “പട്ടാമ്പിപ്പുഴ മണലിൽ” അഭിഷേകും ആലപിച്ചു.
കെ. അയ്യപ്പപ്പണിക്കരുടെ “പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ ” എന്ന കവിതയുടെയും, മനോജ് പാമ്പക്കുടയുടെ ”പെരുമഴ” എന്ന കവിതയുടെയും ചൊൽക്കാഴ്ചകൾ കേരളീയ സമാജം കലാവിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ചു. കലാവിഭാഗം സെക്രട്ടറി ശ്രീ സി കെ രമേഷ്, കവികളെയും കവിതകളേയും അവതരിപ്പിക്കുന്നവരേയും മലയാളഭാഷയുടെ സാഹിത്യ മധുരം ചേർത്ത്, പരിചയപ്പെടുത്തുകയും അരങ്ങ് നിയന്ത്രിക്കുകയും ചെയ്തു. പ്രശസ്ത കവിയും നാടക പ്രവർത്തകനുമായ ശ്രീ പി കെ മുരളീകൃഷ്ണന്റെ സംവിധാനത്തിലാണ് “ചൊല്ലരങ്ങും ചൊൽക്കാഴ്ചയും” സാക്ഷാൽക്കരിക്കപ്പെട്ടത്. ശ്രീ അനിൽ പൊതുവാൾ അവതരണ കവിതകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. ശ്രീ രഞ്ജിത് രാജൻ, ശ്രീ ശ്രീജിത്, ശ്രീമതി സിന്ധു നായർ എന്നിവർ സാങ്കേതിക സഹായികളായി. ശ്രീ നായിഡു ശബ്ദ സഹായം നൽകി. ഹ്രസ്വമായ ഒദ്യോഗിക ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ വി നാരായണനും ചെയർമാൻ ശ്രീ ഒ പ്രദീപും ആശംസകൾ നേരുകയും പി കെ മുരളീകൃഷ്ണനേയും അനിൽ പൊതുവാളിനേയും രഞ്ജിത് രാജനേയും ആദരിക്കുകയും ചെയ്തു. കേരളത്തിൽ കണ്ണിയറ്റുപോയ അവതരണ കവിതയെന്ന കാവ്യപാരമ്പര്യത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനുള്ള ഡോംബിവിലി കേരളീയ സമാജത്തിന്റെ മുന്നൊരുക്കം, പ്രവാസികളുടെ മലയാള ഭാഷയോടും കലയോടും സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള ഇഴയടുപ്പവും സാമൂഹ്യ സാംസ്കാരിക പ്രതിബദ്ധതയും കടമയും വ്യക്തമാക്കി, ചൊല്ലരങ്ങും ചൊൽക്കാഴ്ചയും നിവേദിച്ച കാവ്യസായന്തനം മലയാളികളുടെ ഹൃദയങ്ങളിൽ മാത്രമല്ല ചരിത്രത്തിലും അടയാളമായി.