രോഗാവസ്ഥയിലും നല്ല ചിന്തകള്‍ പങ്കുവെച്ച് സോനാലി ബേന്ദ്രേ

അര്‍ബുദം തന്നെ വേട്ടയാടാനിറങ്ങിയപ്പോള്‍ ഉറച്ച മനസ്സുമായാണ് ബോളിവുഡ് നടി സൊനാലി ബേന്ദ്രേ പോരാടാനിറങ്ങിയത്. തനിക്ക് അര്‍ബുദമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം സോണാലി ബേേ്രന്ദ കാണിച്ചു.
രോഗം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവ് ചിന്തകള്‍ പങ്കുവച്ച് ഒരുപാട് പേര്‍ക്ക് മാതൃകയും ചെയ്തു.കീമോയ്ക്കു വേണ്ടി മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം ആ ഫോട്ടാകള്‍ പങ്കുവച്ചത് പോസിറ്റീവ് ചിന്തകള്‍ നല്‍കിക്കൊണ്ടായിരുന്നു. ന്യുയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇപ്പോള്‍ താരം.അവിടെ നിന്നുള്ള ഫോട്ടോകള്‍ സോണാലി പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ആദ്യമായി രോഗത്തിന്റെ വേദനിപ്പിക്കുന്ന മറ്റൊരു വശത്തെക്കുറിച്ച് തുറന്നുപറയുകയാണ് സൊനാലി. വേദനകളെക്കുറിച്ചും കടന്നുപോയ ദിവസങ്ങളെക്കുറിച്ചും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

”നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേര്‍ന്ന കുറച്ചു മാസങ്ങളാണ് കഴിഞ്ഞുപോയത്. ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വിധം കടുത്ത വേദനയനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്നതുപോലെ.

കീമോയ്ക്ക് ശേഷവും സര്‍ജറിക്ക് ശേഷവും ചീത്ത ദിനങ്ങളായിരുന്നു. ചിരിക്കുന്നതുപോലും എന്നെ വേദനിപ്പിച്ചു. ഓരോ മിനിറ്റിലും ഞാന്‍ പോരാടുകയായിരുന്നു. ഈ ചീത്ത ദിവസങ്ങള്‍ അനുഭവിക്കാന്‍ നമുക്ക് അനുവാദമുണ്ട് എന്നതെപ്പോഴും ഓര്‍മ വേണം. എപ്പോഴും സന്തോഷമായിരിക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്നും ബേന്ദ്രേ പറഞ്ഞു.