ചൂരും മണവും…..

എവിടേയും അഴിച്ചു വെക്കാനിഷ്ടപെടാത്ത ചില ഗന്ധങ്ങളുടെ ഭാണ്ഡം പേറുന്നവരാണ് നമ്മൾ ( ഞാൻ ) ചില ചേരായ്മകളിലൂടെയുള്ള ഒഴുക്കുകളിൽ മുങ്ങി പോവാതെ പിടിച്ച് നിർത്താൻ കച്ചി തുരുമ്പാവുന്നത് അത്തരം ചില ഗന്ധങ്ങളാണ് ഗന്ധങ്ങളേക്കാൾ ചൂരും മണങ്ങളുമാണ്, ആത്മാവിനോടടുത്ത പുസ്തങ്ങകളുടെ , വിഷാദത്തിൽ പലപ്പോഴും എടുത്തുയർത്തിയ പാട്ടുകളുടെ , മരിച്ചെന്ന് സ്വയം വിശ്വസിച്ചിരിക്കെ ജീവിച്ചിരിപ്പുണ്ടെന്ന തിരിച്ചറിവിലേക്ക് പൊടുന്നനെ നമ്മെ കൊണ്ടിടുന്ന ,നമ്മെ ഉണർത്തുന്ന തണുത്ത തുള്ളികളായ ചില മനുഷ്യരുടെ , സോപ്പുപൊടിയിൽ ഇട്ട് എത്ര കഴുകിയാലും നിങ്ങൾക്ക് പിടി കിട്ടാത്ത പ്രിയപ്പെട്ട ഒരു ഗന്ധം ഒളിപ്പിച്ച് ഞാൻ ഉടുക്കുന്ന എന്റെ ശരീരത്തിനോട് ഏറ്റവും അടുത്ത ഉടുപ്പുകളുടെ , ആഴത്തിൽ വരിഞ്ഞിട്ടും ലക്ഷ്യം കാണാത പോയ മുറിവുകളുടെ , കിടപ്പറയിൽ കുടിക്കാനെടുത്ത് വെച്ച് ഏതോ രാത്രിയിൽ തൊണ്ട വരണ്ടിട്ടും കുടിക്കാതെ പോയി അഴുകി തുടങ്ങിയ ജീരക വെള്ളത്തിന്റെ , നിന്നിലേക്ക് എത്തി എത്തി എന്നിൽ പൊടിയുന്ന ചില ദ്രാവകങ്ങളുടെ , ചിന്തകളുടെ കനങ്ങളിൽ ഞാൻ ഉണ്ടാക്കിയ ശൂന്യതയിൽ വായിക്കാതെ മുറിയിലെ മൂലയിലിരിക്കുന്ന ലൈബ്രററി പുസ്തകങ്ങളുടെ , അങ്ങനെ എന്തുമാത്രം ചൂരും മണവുമാണ് ഇപ്പോൾ എവിടെയെങ്കിലും ഒന്നിറക്കി വെച്ച് ,കുടഞ്ഞതിന്റെ പൊടിപടലങ്ങൾ ദേഹത്തൂന്ന് ആട്ടി അകറ്റാൻ തോന്നുന്നത് , വിഷാദത്തിന്റെ ചുഴികളിലേക്ക് വലിയുന്ന എന്നെ പല തവണ വലിച്ച് പുറത്തേക്കിട്ട് സ്വാസ്ഥ്യത്തിലേക്ക് എടുത്തുയർത്തിയ ഗന്ധങ്ങളെല്ലാം പരാജിതരാണ് ഇപ്പോൾ , ഈയിടങ്ങളൊന്നും എനിക്കത്ര സ്വാസ്ഥ്യമാകുന്നില്ല , ഇനി ഏതിടത്തേക്കാണ് ഈ ശുന്യത എന്നെ മറിച്ചിടുന്നത് , എനിക്ക് എന്നെ നഷ്ട്ടപെട്ട് കൊണ്ടിരിക്കുന്നു ,ഇടക്കെങ്കിലും വരുന്ന ചില മനുഷ്യരുടെ അന്വേഷണങ്ങളിലാണ് ഞാൻ മരിച്ചിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെടുന്നത്.

നജ്‌മ
നജ്‌മ