ലാദന്റെ മകന്‍ യുഎസ് ആക്രമണത്തിന്റെ സൂത്രധാരന്റെ മകളെ വിവാഹം കഴിച്ചെന്ന്

ലണ്ടന്‍: 2001 സെപ്റ്റംബറില്‍ നടന്ന അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്റെ മകളെ ഉസാമ ബിന്‍ലാദന്റെ മകന്‍ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്.

ലാദന്റെ അര്‍ധ സഹോദരന്‍മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാജ്യാന്തര മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ഇരുവരും ഇക്കാര്യം സൂചിപ്പിച്ചത്. ഹംസ ഇതിനകം തന്നെ അല്‍ഖായിദ ഉന്നത സ്ഥാനം ഏറ്റെടുത്തെന്നാണ് സൂചനകള്‍.

2011 മേയ് രണ്ടിന് പാകിസ്താനില്‍ യുഎസ് സൈന്യം നടത്തിയ നീക്കത്തിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. തന്റെ പകരക്കാരനായി ബിന്‍ ലാദന്‍  ഹംസയെ ആയിരുന്നു  കണക്കാക്കിയിരുന്നത്. ലാദന്റെ ഭാര്യമാരും മക്കളും നിലവില്‍ സൗദി അറേബ്യയിലാണ്.

എന്നാല്‍ ഹംസ ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായ വിവരമില്ല. പിതാവിന്റെ മരണത്തിനു പ്രതികാരം ഒരുക്കത്തിലാണ് ഹംസയെന്നും സൂചനനയുണ്ട്. യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രയേല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടു വര്‍ഷമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഹംസയുടെ നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു.