മരണത്തെ വിസ്മയിപ്പിച്ച മനക്കരുത്തുകാരി

മാധ്യമപ്രവര്ത്തകയുടെ ജനാധിപത്യവും ആക്ടിവിസ്റ്റിന്റെ ജാഗ്രതയുമുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ലീല മേനോന്‍. വാര്‍ത്തകളുടെ ദൂരക്കാഴ്ച്ചകളിലേക്ക് മനസ്സയച്ച് വാസ്തവമായ വാര്‍ത്തയെന്തെന്ന് തിരിച്ചറിയാനായിരുന്നു അവര്‍ക്കിഷ്ടം. അതിനുള്ള ഏകാഗ്രതയും ആര്‍ജ്ജവവും എണ്‍പത്തിയാറാം വയസിലും കാത്തുസൂക്ഷിച്ച മലയാളത്തിന്റെ ആദ്യ വനിതാ റിപ്പോര്‍ട്ടര്‍.

പത്രവര്‍ത്തനമെന്നത് സാമൂഹിക സേവനമാണെന്ന് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ജോലി രാജി വച്ച് പത്രപ്രവര്‍ത്തകയായ വ്യക്തിയാണ് ലീല മേനോന്‍..എഴുതിക്കൂട്ടി വിടേണ്ട വെറും വാക്കുകളായിരുന്നില്ല ലീലാ മേനോന് വാര്‍ത്തകള്‍.. ഓരോ വാര്‍ത്തക്ക് പിന്നിലെയും പച്ചജീവിതങ്ങള്‍ മുറുകെ പിടിച്ചായിരുന്നു നല്ല ഒരു പത്രപര്വര്‍ത്തകയായി അവര്‍ വളര്‍ന്നത്. ചിതറിത്തെറിച്ചുകിടന്ന മനുഷ്യശരീരങ്ങളും പിടിഞ്ഞുമരിച്ച ജീവിതങ്ങളും കണ്‍മുന്നില്‍ കണ്ടായിരുന്നു എഴുതിത്തുടങ്ങിയത്, മലനട വെടിക്കെട്ടപകടത്തിനും പെരുമണ്‍ തീവണ്ടി ദുരന്തത്തിനുമൊപ്പം രാവും പകലുമില്ലാതെ അവര്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും കണ്‍മുന്നിലും കൈവിരളുകളിലും തടഞ്ഞുനില്‍ക്കുന്നുണ്ട് എഴുതിവിട്ടവാര്‍ത്തകളിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളൊക്കെയെന്ന് പല തവണ അവര്‍ പറഞ്ഞിരുന്നു.

നാല് പതിറ്റാണ്ടിലേറെയായി നീണ്ട പത്രപ്രവര്‍ത്തനജീവിതം..കാലങ്ങളായി നിരന്തരം നടത്തിയ യാത്രകളും സംവാദങ്ങളും..പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്ക്, അതൊക്കെയായിരുന്നു അവരുടെ കൈമുതല്‍.ശാരീരിക അസ്വസ്ഥതകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോഴും വയ്യ എന്ന് പറയാന്‍ മാത്രം ലീലമേനോന് കഴിഞ്ഞിരുന്നില്ല. വീട്ടിലും ആശുപത്രിയിലുമായുള്ള ചികിത്സയും വിശ്രമവും കഴിഞ്ഞാല്‍ പിന്നെയും യാത്രകള്‍..പരിപാടികള്‍..പറയാന്‍ ആവശ്യപ്പെടുന്ന വിഷയങ്ങളുടെ പ്രസക്തിയായിരുന്നു ആ പത്രപ്രവത്തകയെ വീണ്ടും വേദികളിലെത്തിച്ചത്.

ചെറുപ്പം മുതലേ അസുഖക്കാരിയെന്ന ലേബല്‍ പതിഞ്ഞു കിട്ടിയിട്ടുണ്ട്, സ്‌നേഹമയിയായ അമ്മയുടെ വാത്സല്യത്തില്‍ അന്ന് അതിന്റെ കാഠിന്യം അറിഞ്ഞിരുന്നില്ല. ആയുസ് എണ്ണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോഴായിരുന്നു മനസ്സിന്റെ കരുത്ത് എത്രയെന്ന് സ്വയം ബോധ്യപ്പെട്ടത്. ഡോക്ടര്‍ വിധിച്ച ആറ് മാസ ആയുസ്സിനെ കാലങ്ങള്‍ക്ക് അപ്പുറവും കാത്തുസൂക്ഷിച്ച് കൊണ്ടു പോയതും അതേ മനക്കരുത്ത് തന്നെ…അതില്‍ നിന്നാണ് അസാധാരണ മനക്കരുത്തുള്ള ഒരു സ്ത്രീയെ കേരളം കണ്ടതും..

തന്റെ ജീവിതം പോരാട്ടത്തിന്റേതായിരുന്നെന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു ലീലാമേനോന്‍…മാരകമായ കാന്‍സറിനോട് , പിന്നാലെ കടന്നാക്രമിച്ച രോഗങ്ങളോട്, ഒറ്റപ്പെട്ടുപോയ ജീവിതത്തോട്.. അങ്ങനെ നീണ്ടുപോകുന്നു ആ പോരാട്ടങ്ങള്‍…ഭൂതവും വര്‍ത്തമാനവും ആലോചിക്കാതെ ഭാവിയില്‍ ചെയ്യേണ്ടവ മാത്രം ചിന്ത്രിച്ചു. മരണക്കിടക്കയില്‍ കിടന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പൂക്കുന്ന നീലക്കുറുഞ്ഞികളുടെ ഭംഗി പകര്‍ത്തുന്നത് ് സ്വപ്‌നം കണ്ട്ു, വൈദ്യശാസ്ത്രത്തെ പോലും അതിശയിപ്പിച്ച് ലീല മേനോന്‍ താന്‍ കണ്ട സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാക്കി. മരണചിന്തയെ ഒരുപിടി പൂക്കളുടെ ഹൃദ്യതയാല്‍ തോല്‍പ്പിച്ച് പടിക്ക് പുറത്ത് നിര്ത്താന്‍ ലീലാമേനോന് അല്ലാതെ മറ്റാര്‍ക്ക് കഴിഞ്ഞു…

നഗരകാപട്യങ്ങള്‍ അറിയാത്ത ഒരു കുഗ്രാമത്തില്‍ നിന്നാണ് ലീല മേനോന്‍ ആള്‍ക്കൂട്ടത്തിന്റെയും ആഡംബരങ്ങളുടെയും കെട്ടുകാഴ്ച്ചകളുടെയും ഒരു വലിയ ലോകത്തേക്ക് കടന്നത്. ഒരു നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി അവിടെ കണ്ട് ഒരോ ജീവിയോടും ഹൃദയബന്ധം സ്ഥാപിച്ച് ജീവിച്ച ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്ന ലീല മഞ്ജരി. ആ മനസ് കൈമോശം വരാതെ എന്നും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതാണ് ലീലമേനോന്റെ ഏറ്റവും വലിയ പ്രത്യേകത.

വെങ്ങോലയില്‍ നിന്ന് ജോലി തേടിയാണ് ലീല മേനോന്‍ ഹൈദരാബാദിലെത്തിയത്. അവിടെ ജോലിക്കൊപ്പം ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി നാട്ടിലെത്തി. പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നതിനിടെ ടെലഗ്രാഫ് പഠിച്ച് രാജ്യത്തെ ആദ്യവനിതാ ടെലിഗ്രാഫിസ്റ്റുമായി. പിന്നീട് ആ ജോലി ഉപേക്ഷിച്ച് മാധ്യമപ്രവര്‍ത്തകയായി. നാല്‍പ്പതാം വയസിലാണ് പുരുഷകേന്ദ്രീകൃതമായ ഒരു മേഖലയിലേക്ക് കടന്നുചെന്ന് ലീലാ മേനോന്‍ രാജ്യമറിയുന്ന പത്രപര്വര്‍ത്തകയായത് . ഇന്ത്യന്‍ എക്‌സ്പ്രസിലെ അഞ്ച് ജില്ലകളുടെ ചുമതലയുള്ള റിപ്പോര്‍ട്ടറായിരുന്നു വര്‍ഷങ്ങളോളം..പിന്നീട് കോളമിസ്റ്റായി. കേരള മിഡ് ഡേ ടൈംസിലും കുറച്ച് നാളുകള്‍. .ജന്‍മഭൂമി പത്രത്തിന്റെ എഡിറ്ററായപ്പോള്‍ കേരളത്തിലെആദ്യ വനിതാ എഡിറ്ററെന്ന ബഹുമതിയും ലീലാ മേനോന് ലഭിച്ചു.

 

ഏകാധിപത്യത്തില്‍ മാത്രമല്ല ജനാധിപത്യത്തിലും ഇരയാകുന്നതും വേട്ടപ്പെടുന്നതും സ്ത്രീകള്‍ തന്നെയാണെന്ന് നിസ്സംശയം പറഞ്ഞു ലീല മേനോന്‍… സ്ത്രീപക്ഷ എഴുത്തുകാരിയെന്നും ഫെമിനിസ്റ്റെന്നോ വിശേഷിപ്പിച്ചാലും പരാതിയില്ലാതെ പുഞ്ചിരിക്കും. സ്ത്രീ ശാക്ത്രീകരണത്തിനായായിരുന്നു ഏറ്റവും കൂടുതല്‍ എഴുതിയതും പറഞ്ഞതും. പുരുഷനെ മാറ്റിനിര്‍ത്തിയോ ശത്ുരവായി പ്രഖ്യാപിച്ചോ ആയിരുന്നില്ല ശാക്തീകരണത്തിനായുള്ള ആ പോരാട്ടം. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും അഭയമില്ലാതെ അറ്റ് പോകുന്നത് തടഞ്ഞ് ജീവിതത്തിലേക്കവരെ തിരിച്ചുനയിക്കാനായിരുന്നു ലീല മേനോന്റ് തൂലിക ചലിച്ചത്.

നഴ്‌സിംഗ് പഠനമെന്ന പേരില്‍ കന്യാസ്ത്രീകളാക്കപ്പെട്ട കോട്ടയത്തെ പെണ്‍കുട്ടികളുടെയും അരുവാക്കോട് വേശ്യവൃത്തി തെരഞ്ഞെടുത്ത സ്ത്രീകളുടെയും ജീവിതം മാറ്റിയെഴുതി ലീലമേനോന്റെ തൂലിക,.. അങ്ങനെ ആ കര്‍മ്മകാണ്ഡം ധന്യമാക്കിയ എത്രയോ ഇടപെടലുകള്‍ വേറെ..കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പറഞ്ഞ് അവസാനിപ്പിക്കില്ല ലീലമേനോന്‍ എന്ന പത്രപ്രവര്‍ത്തക. ഏറ്റെടുത്ത വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളായി.
സൂര്യനെല്ലിയിലെയും വിതുരയിലെയും പെണ്‍കുട്ടികളെ ആത്മഹത്യയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ലീലേേമാനന്‍ എന്ന പ്രത്രപ്രവര്‍ത്തക നടത്തിയ വിവേകപൂര്‍വ്വമായ ചില ഇടപെടലുകളായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത വാര്‍ത്ത.

കുട്ടിക്കാല ഓര്‍മ്മകളും ജീവിതവുമെല്ലാം ചേര്‍ത്ത് നിലയക്കാത്ത സിംഫണി എന്ന പേരില്‍ ലീല മേനോന്‍ പുസ്തകമാക്കി..ഒറ്റയ്ക്ക് എന്ന വാക്കിന് എത്ര അര്‍ത്ഥവും വ്യാപ്തിയുണ്ടെന്ന് ലീല മേനോന്‍ നന്നായി അറിഞ്ഞിരുന്നു. കുട്ടിക്കാലത്ത് കൂടെ നടന്നവരെല്ലാം മണ്‍മറഞ്ഞു. ജീവനെടുക്കാനെത്തിയ കാന്‍സറിനെപ്പോലും കൂസാതെ നിന്ന മനക്കരുത്ത് പക്ഷേ ഭര്‍ത്താവ് ഭാസക്കരമേനോന്റെ വിയോഗത്തിലുണ്ടായില്ല. ഒരിക്കലും നികത്താനാകാത്ത ആ നഷ്ടം തീര്‍ത്ത ശൂന്യതയ്ക്കിടയിലായിരുന്നു തുടര്‍ന്നുള്ള ജീവിതം. അത് നികത്തുന്നതൊന്നും പിന്നെ ആ ജീവിതത്തില്‍ സംഭവിച്ചിട്ടുമില്ല…

ഓണവും വിഷുവും ക്രിസ്മസുമെല്ലാം കടവന്ത്ര കലികയിലെ ലീലാമേനോന്റെ ഫഌാറ്റിനു മുന്നില്‍ മടിച്ചു നിന്നു തിരിച്ചുപോയി..മടുപ്പിക്കുന്ന ഏകാന്തതയില്‍ എഴുത്തും വായനയും ആശ്രയമാക്കി ജീവിതയാത്ര തുടര്‍ന്നു. ആ അവശ വാര്‍ധക്യത്തില്‍ തേടിവരാന്‍ അധികമാരുമില്ലെന്ന് ചിരിയോടെ പറഞ്ഞു സുഹൃത്തുക്കളോട് ലീല മേനോന്‍..എനിക്കൊപ്പമുണ്ടായിരുന്നവരൊക്കെ എത്ര പെട്ടെന്നാണ് അപ്രത്യക്ഷരായതെന്ന് ചിലപ്പോഴൊക്കെ വേദനയോടെ ചോദിച്ച് സാരമില്ലെന്ന് സ്വയം ആശ്വസിച്ചു. ഒടുവില്‍ ശാരീരിക അവശത കാരണം നടക്കാന്‍ പോലും കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ സഹായത്തിനെത്തി. ഫ്‌ലാറ്റിലെ ഏകാന്തതയില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുെടയും പരിഗണന കിട്ടുന്ന മറ്റൊരിടത്തേക്ക് അവശേഷിച്ച ജീവിതം മാറ്റിനട്ടു. ഒടുവില്‍ തന്നെ കാണാനെത്തിയവരെയെല്ലാം മറന്ന് നിശബ്ദയായി. എന്നിയ്യും ഓര്‍മയും ബോധവും ാേനഷ്ടമായ അവരെത്തേടി ആരൊക്കെയോ എത്തി. ഒടുവില്‍ ആരോടും ഒന്നും പറയാതെ അബോധാവസ്ഥയില്‍ നിന്ന് എവിടേക്കോ യാത്രയായിരിക്കുന്നു…

രതി നാരായണന്‍