നഷ്ട സ്വർഗങ്ങൾ

നീണ്ട ഒരു യാത്രയുടെ പരിസമാപ്തിയെന്നോണം നേത്രാവതി എക്സ്പ്രസ്സ് കാസർക്കോട് സ്റ്റേഷനിൽ കിതച്ചു നിന്നു. ഇനി കേരളത്തിന്റെ മണ്ണിലൂടെയുള്ള യാത്ര, സുബലക്ഷ്മിയുടെ സുപ്രഭാതം കേട്ടുണരുന്ന ചില വീടുകളിൽ വെളിച്ചം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. മഞ്ഞു വീണ പാട ശേഖരങ്ങളിലൂടെ നെല്ലോലകൾ വഴഞ്ഞു മാറ്റി നടന്നു നീങ്ങുന്ന കർഷകർ. അകലെ ഏതോ ഗ്രാമത്തിൽ നിന്നും ഒഴുകിയെത്തുന്ന തേക്കു പാട്ടിന്റെ ഈണം. വിഷുവിന്റെ വരവറിയിച്ച് കൊണ്ട് അമ്പല പറമ്പുകളിലും വഴിയരികിലും ഇലകൊഴിഞ്ഞ കൊന്നമരങ്ങളിൽ മഞ്ഞപ്പൂക്കൾ പുഞ്ചിരിച്ചു നിൽക്കുന്നു.

ഒരു അവധിക്കാലത്തിന്റെ ദുഖങ്ങളും സന്തോഷവും കൂടിച്ചേരലും പിരിമുറുക്കങ്ങളും എല്ലാം ട്രെയിനിലെ പല കോച്ചുകളിലായി ഇരിക്കുന്നവരുടെ മുഖങ്ങളിൽ മിന്നി മറയുന്നു.

നാട്ടിലേക്കുള്ള ഓരോ യാത്രയും നൽകുന്നത് ഗൃഹാതുരത്വതിന്റെ പുത്തൻ നോവുകളാണ്. “ഹാവൂ, നാടൊക്കെ മാറിപ്പോയി, ഇനിയൊന്നും നാട്ടിലൊന്നും പോയി ജീവിക്കാൻ പറ്റില്ലേ,” എന്ന് ആത്മഗതം നടത്തുന്ന നഗര ജീവിക്കും ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധം തരുന്നത് വല്ലാത്തോരു നൊമ്പരമാണ്, ഓടിക്കളിച്ച വഴികളിലെ പൊടിപടലങ്ങൾ ഇപ്പോഴും വിയർപ്പിൽ കുതിർന്നു മേനിയിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പോലെ ഒരു തോന്നൽ.

വണ്ടി ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും ഓർമ്മയിൽ മിന്നിമറയുന്ന ഓരോ മുഖങ്ങളിലും പരിചിതത്വതിന്റെ ഒരു നറു പുഞ്ചിരി ഒളിഞ്ഞു നിൽക്കുന്നു, “എന്താ കുട്ട്യേ, സുഖല്ലേ, കുട്ട്യോളൊക്കെ സുഖായിരിക്കുണൂലോ”, അപരിചിതമായ ഒരു മുഖത്ത് നിന്നും കേൾക്കുന്ന ആ സുഖാന്വേഷണത്തിന് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സ്നേഹത്തിന്റെ നനവുണ്ട്. ആ മുഖങ്ങളിൽ ഹൃദയത്തിൽ എവിടെയോ കോറി വലിക്കുന്ന നഷ്ടപ്പെട്ട ഒരു സന്ധ്യയുടെ കണ്ണീർ ചാലുകളുണ്ട്. വണ്ടിയേക്കാൾ വേഗത്തിൽ പായുന്ന ചിന്തകളുടെ ചക്രങ്ങൾ മീനത്തിലെ വരണ്ട കാറ്റേറ്റ് സിരകളിൽ പൊടിപടലം ഉയർത്തുന്നു.

തിരൂർ കഴിഞ്ഞുള്ള കുറ്റിപ്പുറം വരെയുള്ള യാത്രക്ക് ഒരു വേനൽ കുളിരുണ്ട്. സ്വന്തം മണ്ണിനെ സ്പർശിക്കാൻ പോകുന്ന ഒരു പ്രവാസിയുടെ നെഞ്ചിടിപ്പുകൾ. പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ അനുഭവിക്കുന്ന ഉൽക്കണ്ഠ പോലെ , അതിന്റെ ജിജ്ഞാസപോലെ അല്ലെങ്കിൽ വഴിക്കണ്ണുമായി അമ്മയെ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്ക് മനസ്സ് കൂപ്പു കുത്തുന്ന അവസ്ഥ.

അങ്ങും ഇങ്ങും മുട്ടാത്ത കുറ്റിപ്പുറം സ്റ്റേഷനിൽ നേത്രാവതി നിന്നു കിതക്കുമ്പോൾ ജീവിതം പരസ്പരം കൂട്ടി മുട്ടിക്കാൻ കഴിയാതെ നഗരത്തിലെ ചുട്ടുപഴുത്ത കോൺക്രീറ്റ് സൗധങ്ങൾക്കിടയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ ഹൃദയ താളം പോലെ. പ്ലാറ്റഫോമിൽ പെട്ടിയുമായി ഇറങ്ങി നിൽക്കുമ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ രാജ്യം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ മുഖത്ത് സ്ഫുരിക്കുന്ന അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കിരണങ്ങൾ. 30 മിനുട്ട് ബസ്സിൽ യാത്ര ചെയ്‌താൽ വീടെത്താമെങ്കിലും ആ 30 മിനുട്ടിനു 30 വർഷത്തിന്റെ ദൈർഘ്യമാണ്. അതിനാൽ കാറോ റിക്ഷയോ ആണ് അഭികാമ്യം. എത്രയും പെട്ടെന്ന് വീടെത്തണം, ഷർട്ടും പാന്റ്സും ഊരിയെറിഞ്ഞു തനി നാട്ടിൻ പുറത്തുകാരനായി ഒരു ലുങ്കിയും ഉടുത്ത് തൊടിയിലൂടെ ചുറ്റി നടക്കണം, വെള്ള തോർത്ത് തലയിൽ കെട്ടി വിളഞ്ഞു നിൽക്കുന്ന കവുങ്ങിൻ തോപ്പിലൂടെ കവുങ്ങു കളിൽ താളം പിടിച്ച് മൂവാണ്ടൻ മാവിലേക്ക് കല്ലെറിഞ്ഞ് മൽസ്യങ്ങൾ പുളയുന്ന പറമ്പിലെ കുളത്തിൽ പോയി മുങ്ങി കുളിക്കണം.

“കുട്ട്യേ, നീ ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ, ചായ കുടിച്ചിട്ടു പോരെ ഇനി കുളിയും തേവാരവും ഒക്കെ. ക്ഷീണല്ല്യേ കുട്ട്യേ നിനക്ക്”. ഉത്തരം കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും അമ്മയുടെ വായിൽ നിന്നു കേൾക്കുന്ന ആ സ്നേഹപ്പകർച്ചകൾ നഗരത്തിന്റെ അസ്തിത്വ മത്സരത്തിൽ കരിഞ്ഞുണങ്ങിയ വാത്സല്യങ്ങളുടെ പുനർജനി പോലെ. ആ വാക്കുകളുടെ നിഴൽകാറ്റിൽ വീണ്ടും വീണ്ടും അലിയാനാണ് ടീപ്പോയിൽ വച്ച ചായ ഗൗനിക്കാതെ അമ്മയുടെ മുണ്ടിൽ തിരുപ്പിടിച്ച് നിന്നത്. ആ മടിയിൽ അങ്ങിനെ എല്ലാം മറന്നു കിടക്കുമ്പോഴാണ് വീണ്ടും ചോദ്യം, “എന്താ കുട്ട്യേ, നിന്റെ മുഖത്തൊക്കെ ഒരു കറുത്ത കുത്തുപോലെ, അമ്മക്ക് തോന്നുന്നതാണോ, കണ്ണൊന്നും ശരിക്കു കാണുന്നില്ല, ” കണ്ണ് കാണില്ലെങ്കിലും അമ്മ അത് തിരിച്ചറിഞ്ഞിരിക്കുന്നു, നഗര ജീവിതം താൻ പോലും അറിയാതെ കരിനിഴൽ വീഴ്ത്തിയ മുഖത്തെ കറുത്ത പാടുകളിൽ ഒരമ്മയുടെ നിശ്വാസങ്ങൾ പതിയുന്നത് ഞാനറിയുന്നു.

“കാളിയെ കണ്ടില്ലല്ലോ അമ്മെ” വിഷയം മാറ്റാനാണ് ചോദിച്ചത്. “നീയറിഞ്ഞില്ലേ, കാളി മരിച്ചിട്ട് ഒരു മാസാവാറായി മോനെ. രാവിലെ ഇവിടെ നിന്നും ചായ കുടിച്ച് പോയതാ, പെട്ടെന്നെന്തോ വയ്യായ തോന്നി. ഹോസ്പിറ്റലിൽ എത്തീല്ല” . ഉതിർന്നു വീഴുന്ന കണ്ണീർ തുള്ളികൾ എന്റെ മേൽ പതിയാതിരിക്കാൻ അമ്മ മുഖം മുണ്ടിന്റെ കോന്തല കൊണ്ട് തുട ക്കുന്നത് ഞാനറിഞ്ഞു. വീട്ടിൽ മുറ്റമടിക്കുന്ന കാളി തള്ള, ഒരു വീട്ടുകാരിയെപ്പോലെ തന്നെ ആയിരുന്നു. അമ്മയെ പോലെ തന്നെ വീട്ടിലെ ഓരോ അംഗത്തെയും സ്നേഹിച്ച കാളി. രാവിലെ മൂന്നു മണിക്ക് അച്ഛനോടൊപ്പം പതിര് കുട്ടയും ചുമന്ന് അഞ്ചും ആറും കിലോമീറ്റർ നടന്നു പോട്ടൂർക്കാവിലും ചമ്മിണിക്കാവിലും വേങ്ങശ്ശേരിയിലും ഒക്കെ ഉത്സവത്തിന് പോയിരുന്ന കാളിത്തള്ള. തിരിച്ചു വരുമ്പോൾ മൽസ്യകുട്ടയിൽ പൊതിഞ്ഞു വച്ച ആറാം നമ്പറും പൊരിയും ഞങ്ങൾ കുട്ടികൾക്ക് എടുത്ത് തരുമ്പോൾ ആ മുഖത്തെ നിർവൃതിക്ക് പകരം വയ്ക്കാൻ ജീവിതത്തിൽ വേറെയൊന്നിനും ആയിട്ടില്ല. ആ കാളി തള്ളയും പോയിരിക്കുന്നു, ഇനി വടക്കോറത്തെ അമ്മിക്കല്ലു പിടിച്ച് കൂനി നിന്നു കാളിത്തള്ള ചോദിക്കില്ല, “എവടെ എന്റെ തമ്പ്രാൻ കുട്ടി, വല്യ ആളായല്ലോ, ആ മുഖം ഒന്ന് കാണട്ടെ” ” എത്ര കാലായി പോയിട്ട്, ഇവടയുള്ള വയസായോരെ ഒന്നും കാണാൻ തോന്നനില്ലെ? . ഞങ്ങക്ക് അങ്ങട് വന്നു കാണാൻ പറ്റില്ലല്ലോ, നിങ്ങളൊക്കെ വരുമ്പളല്ലേ ഞങ്ങക്കൊരു സന്തോഷം, അപ്പളല്ലേ വീടിനൊരു അനക്കൊക്കെ ഉണ്ടാവൂ.” സ്നേഹമുള്ള പരിഭവങ്ങളുടെ കെട്ടഴിക്കാൻ ഇനി കാളിത്തള്ളയില്ല.

കിഴക്കേ പറമ്പിൽ ഉയർന്നു നിൽക്കുന്ന നാലുകെട്ട്, കങ്കത്ത് വളപ്പിലെ. “അവിടെ ഇപ്പൊ ആരാ അമ്മെ ഉള്ളത്, ” നാട്ടിലെ ഓരോ മനുഷ്യനെ കുറിച്ചും അറിയാനുള്ള ഉൽക്കണ്ഠ യായിരുന്നു. മഴക്കാലത്ത് കൈ പിടിച്ച് ഇട വഴി കടത്തിയ, പുസ്തകക്കെട്ടുകൾ ചുമന്ന് സ്‌കൂളിൽ എത്തിച്ച ഓരോ മുഖങ്ങളും മനസ്സിൽ മിന്നി മറയുകയാണ്. “അവിടെ ആരും ഇല്ല, കുട്ട്യേ, തങ്കം എപ്പോഴെങ്കിലും ഒന്ന് വരും, വീടൊക്കെ അടിച്ച് തുടച്ച് പോകും, അപ്പുഞ്ഞൻ മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ, അവനും പോയില്ലേ.” ‘അമ്മ നെടുവീർപ്പിട്ടു. ഓഹോ, അപ്പോൾ അപ്പുഞ്ഞേട്ടനും പോയിരിക്കുന്നു, ആർക്കും ഒരു ഭാരമാകാതെ. കല്യാണം കഴിക്കാത്ത അപ്പുഞ്ഞേട്ടൻ. ദിവസത്തിൽ രണ്ട് ചായയും ഒരു പാക്കറ്റ് സിഗരറ്റും അത് മാത്രമേ വേണ്ടിയിരുന്നുള്ളു. ആ വലിയ നാലുകെട്ടിൽ അപ്പുഞ്ഞേട്ടൻ മാത്രം, പണിക്കാർ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കിൽ അതെടുത്ത് സ്വയം കഴിക്കും. നല്ല നിലയിൽ കഴിയുന്ന പെങ്ങന്മാർ ആരെങ്കിലും എപ്പോഴെങ്കിലും വരുമെന്നും എന്തെങ്കിലും പൈസ കൊടുക്കുമെന്നും കരുതി എന്നും ഉമ്മറത്തിണ്ണയിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പുഞ്ഞേ ട്ടനും ആരെയും കാത്തു നിൽക്കാതെ പോയിരിക്കുന്നു.

ഓരോ അവധിക്കാലവും നൽകുന്നത് നഷ്ടങ്ങളുടെ കണക്കുകളാണ്, എല്ലാവരും പിരിയുകയാണ്. മനസ്സിൽ പൂവിട്ടു പൂജിച്ചവർ, ഒരു വിങ്ങലായി മനസ്സിൽ കുടിയേറിയ ചില മുഖങ്ങൾ, ഒരു നോട്ടത്തിലൂടെ, ഒരു തലോടലിലൂടെ സ്നേഹത്തിന്റെ ഒരു മഹാ സമുദ്രം മനസ്സിൽ തീർത്തവർ, കിണറ്റിങ്കര കുട്ട്യോൾ ലീവിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞു പുഴമീനുമായി വരുന്ന ഉമ്മറിക്കയും, കാദറും, എല്ലാവരും യാത്രയായിരിക്കുന്നു.

“വയ്യ കുട്ട്യേ, അമ്മക്ക് തീരെ, ഇരിക്കുമ്പോൾ കിടക്കാൻ തോന്നും, കിടക്കുമ്പോൾ തോന്നും ഇരിക്കാൻ.” തൊണ്ണൂറിലും ഓടി നടക്കുന്ന അമ്മയുടെ സ്വകാര്യ ദുഖങ്ങളുടെ കെട്ടഴിക്കുമ്പോൾ എവിടെയോ ഒരു തേങ്ങൽ അറിയാതെ, വയ്യ, അതറിയാനുള്ള കെൽപ്പ് ഈ മനസ്സിനില്ല, ഈ ആയുസ്സിന്റെ പകുതി നൽകിയാലും ഈ മടിയിൽ എന്നും എനിക്കിങ്ങനെ കണ്ണുമടച്ച് കിടക്കണം. “കുട്ട്യേ, പോയി ഭക്ഷണം കഴിക്ക്, നിനക്ക് ക്ഷീണല്ല്യേ” , എന്ന ആ ഒരു ചോദ്യം ഒരായുസ്സിന്റെ മുക്കാലും നഗര സ്വാർത്ഥങ്ങളിൽ കരിഞ്ഞുണങ്ങിയ എന്റെ മനസിന്റെ ചില്ലകളിൽ വീണ്ടും തളിരുകളാവണം.

മുഷിഞ്ഞ മുണ്ടിന്റെ കോന്തലകൊണ്ട് തുടച്ച പ്ളേറ്റിൽ ഇനിയും പുത്തിരിചോറുണ്ണണം. അലസമായ മുടിയിലൂടെ വിരലോടിച്ച് “എന്താടാ, നീ മുഴുവനും നരച്ചല്ലോ, അമ്മയേക്കാൾ കഷ്ടാലോ നിന്റെ മുടി” എന്ന് പറയുമ്പോൾ ആ മുഖത്തെ നിഷ്കളങ്ക ചിരി കാണണം. പിന്നെ ചുളിവ് വീണ ആ വയറ്റിൽ വിരലോടിക്കണം, തന്നെ പത്തു മാസം ചുമന്ന ആ സ്നേഹക്കൂട്ടിലിലേക്ക് മനസ്സ് കൊണ്ട് തിരിച്ചു നടക്കണം. അപ്പോൾ അതുകണ്ട് കാളിത്തള്ള ദൂരെയെവിടെയോ ഇരുന്നു പറയും, “മക്കളെ കെട്ടിച്ചു കൊടുക്കാറായി, ഇപ്പളും ഇള്ള കുട്ടിയാന്നാ വിചാരം”. അപ്പോൾ ഞാൻ അമ്മയുടെ മടിയിലേക്ക് ഒന്നുകൂടി മുഖം പൂഴ്ത്തി കണ്ണുപൊത്തി ചിരിക്കും.

രാജൻ കിണറ്റിങ്കര