ഒച്ചേം…. വിളീം.. ഭാഗം – 4

ഒച്ചേം വിളിയിലും ഒരു വ്യത്യസ്തമായ ശൈലി കൊണ്ടു വരാൻ കഴിഞ്ഞത് കൊണ്ട് ഷൊർണൂരിന് പുറത്ത് നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി..

ഒറ്റപ്പാലം ബ്രദേഴ്സ് സൗണ്ടിലെ മുസ്തഫക്ക ഒരു ദിവസം ചെല്ലാൻ പറഞ്ഞു…

“ഓണത്തിന് അനക്ക് ഭയങ്കര ഡിമാന്റ് ആണ്.. അതോണ്ട് ഒരു കാര്യം ചെയ്യാം… ഒരു ജീപ്പിൽ ലൈവ് ചെയ്യാം… ബാക്കി മ്മക്ക് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാം…”

“അതിന് ഞാൻ ഇതുവരെ സൗണ്ട് റെക്കോർഡിംങ്ങ് ഒന്നും ചെയ്തിട്ടില്ല…”

“അയിനെന്താ… ജ്ജ് ജീപ്പില് ഇരുന്നു പറയണ പോലെ സ്റ്റുഡിയോലെ മൈക്കിന്റെ മുമ്പില് പറഞ്ഞാ മതി… അല്ലാ പിന്നെ…”

ഒരു പൂർണ്ണമായ സ്റ്റുഡിയോ സംവിധാനം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തത് ഒറ്റപ്പാലം ബ്രദേഴ്സ് സൗണ്ടിന്റെ സ്റ്റുഡിയോയിൽ ആണ്.

എല്ലാ അനൗൺസ്മെന്റ് വാഹനങ്ങളും സാധാരണ വൈകുന്നേരമാകുമ്പോഴേക്കും ടൗൺ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുക. ആളുകളുടെ തിരക്ക് തന്നെയാണ് ലക്ഷ്യം..

ആ ഓണനാളിൽ ഞാൻ ലൈവ് അനൗൺസ്മെൻറുമായി ഒറ്റപ്പാലം ടൗണിൽ എത്തിയപ്പോൾ വേറേയും അനൗൺസ്മെന്റ് വാഹനങ്ങൾ… ഞാൻ പരമാവധി ശബ്ദത്തിൽ കത്തിക്കയറുമ്പോൾ എന്റെ ജീപ്പിന്റെ ഡ്രൈവർ പറഞ്ഞു…

” ആ ചങ്ങായിടെ ഒച്ചേം ഇങ്ങളെ പോലെ തന്നെ…”

ഞാൻ എന്റെ മൈക്ക് ഓഫ് ചെയ്ത് കാതോർത്തു…. അതെ.. മറ്റു വാഹനങ്ങളിൽ നിന്നും മുഴങ്ങുന്നതും എന്റെ ശബ്ദം തന്നെ…

അതെനിക്ക് ഒച്ചേം വിളിയിൽ ഒരു പുതിയ അനുഭവം സമ്മാനിച്ചു…

***********************************

ഒരു നീണ്ട ഇടവേളക്കു ശേഷം ഞാൻ വീണ്ടും നിസാറിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടു.

നിസാറിന്റെ സഹോദരൻ ഇതിനോടകം എം. ജി റോഡിൽ ‘നീലിമ ഗിഫ്റ്റ്സ് & ക്രോക്കറീസ്’ എന്ന ഒരു സ്ഥാപനം തുടങ്ങിയിരുന്നു. അതിന്റെ ഉത്ഘാടനത്തിന്റെ ഒച്ചേം വീളീം ഞാൻ തന്നെയാണ് ചെയ്തത്… ഇനി ഇതെന്ത് മാരണമാണാവോ..?

“നീലിമ’ ഒരു സ്റ്റൗവിന്റെ ഷൊർണൂരിലെ അംഗീകൃത ഏജൻസി എടുക്കുകയാണ്..”

“എന്ത് സ്റ്റൗ..?”

“സ്റ്റൗ …. മണ്ണെണ്ണ സ്റ്റൗ ആണ്…”

” അതിന്…?”

” അത് ഇയ്യ് ഒന്ന് അനൗൺസ് ചെയ്യണം..”

“പിന്നെ…. മണ്ണെണ്ണ സ്റ്റൗവ്വിനല്ലേ അനൗൺസ്മെന്റ്… എനിക്കൊന്നും വയ്യ…”

“ഇത് ഇയ്യ് വിജാരിച്ച പോലത്തെ സ്റ്റൗ അല്ല…”

“അതിന് ഞാനൊന്നും വിജാരിച്ചിട്ടേ ഇല്ലല്ലോ… എനിക്ക് പറ്റില്ല എന്നല്ലേ പറഞ്ഞുള്ളൂ..”

“ഇത് മുകളിൽ ടാങ്കും… പിന്നെ അതിൽ നിന്നും ഒരു കുഴലും ഒന്നും ഉള്ള ടൈപ്പല്ല.. കണ്ടാൽ ഗ്യാസ് സ്റ്റൗ ആണെന്നേ തോന്നൂ… ഇതിന്റെ മറ്റു പ്രത്യേകതകൾ ഒക്കെ ഈ നോട്ടീസിൽ ഉണ്ട്.. മറ്റന്നാൾ മ്മക്ക് ഇത് ചെയ്യണം…”

എന്നത്തേയും പോലെ തോൽവി സമ്മതിച്ച് ഞാൻ നോട്ടീസ് വാങ്ങി… ആ സ്റ്റൗ കണ്ടുപിടിച്ചവനെ പ്രാകി പണ്ടാറടക്കി..

ഭഗവാനെ ഈ മണ്ണെണ്ണ സ്റ്റൗവ്വിനെ കുറിച്ച് എന്തു പറയാനാ…? ജ്വല്ലറി, തുണിക്കട ഇതിലൊക്കെയാണ് ഞാൻ PHD എടുത്തിരിക്കുന്നത്…

കടലാസ്സും പേനയും എടുത്ത് കുത്തിയിരുന്നു.. സരസ്വതിദേവി എന്റെ ഏഴയലത്ത് വരാതെ മൂകാംബികയിൽ തന്നെ കുടിയിരുന്നു…. തങ്കടീച്ചറും, ഇന്ദിരടീച്ചറും ഒക്കെ പിണങ്ങിയ മട്ടാണ്…

ഞാൻ അന്തം വിട്ട് ആലോചിച്ചു… ഉള്ള അന്തം പോയതല്ലാതെ ഒരു കുന്തവും വന്നില്ല..

സരസ്വതി ദേവിയുമായുള്ള GPRS കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ പിന്നെ എനിക്ക് ഒറ്റ ആശ്രയമേ ഉള്ളൂ…

ഒരു ഗ്രാഫിക് ഡിസൈനറും കാണിക്കാത്ത ചങ്കൂറ്റത്തോടെ സരസ്വതി ദേവിയിൽ നിന്നും താടിയും മീശയുമുള്ള ആ മുഖത്തേക്ക് ഞാൻ മോർഫിംങ്ങ് ആരംഭിച്ചു..

(തുടരും)

പ്രസാദ് ഷൊർണൂർ