ഒച്ചേം… വിളീം.. ഭാഗം – 6

എന്റെ മോർഫിങ്ങ് മോഹനേട്ടന്റെ മുഖത്ത് ലക്ഷ്യം കണ്ടു. സ്റ്റൗവ്വിന്റെ അനൗൺസ്മെന്റ് മൂപ്പരെ പൊക്കിയാലേ നടക്കൂ എന്ന് ഞാൻ ഉറപ്പിച്ചു…

അതിനു വേണ്ടി വീട്ടിൽ പോയി കാണാൻ ഒരു മടി. കാരണം ആള് ബാങ്കിന്റെ ഡെയ്ലി കളക്ഷൻ കഴിഞ്ഞ് വന്ന് കിടന്നിട്ടേ ഉണ്ടാവൂ.. ഇന്നത്തെപ്പോലെ ബൈക്കിൽ ഒന്നും അല്ല.. സൈക്കിൾ ചവിട്ടിയാണ് പിരിവ്… പക്ഷേ വൈകുന്നേരം മൂപ്പര് വേറെ വല്ല തിരക്കിലും പെട്ടാൽ ഞാൻ കുടുങ്ങേം ചെയ്യും.. ഉച്ചക്ക് തന്നെ പോവാൻ തീരുമാനിച്ചു..

നാടകം, റിഹേഴ്സൽ, നോട്ടീസിനുളള മാറ്റർ തുടങ്ങി സകല പരിപാടിക്കും ഞാൻ മോഹനേട്ടനെ കാണാൻ പോകുന്നത് ഈ സമയത്തായിരുന്നു. എന്തെങ്കിലും പറഞ്ഞ് ഞാൻ ആളെ പൊക്കും…

പിന്നെ ഭാരതപ്പുഴ, അമ്പല ഗ്രൗണ്ട്, തെങ്ങിൻ തോപ്പ് കൂടാതെ ഞങ്ങൾ ഷൊർണൂരുകാരുടെ സ്വകാര്യ അഹങ്കാരമായി തലയുയർത്തി നിൽക്കുന്ന A യിൽ തുടങ്ങി A യിൽ അവസാനിക്കുന്ന ദാഹശമിനി കേന്ദ്രം… എന്നിവിടങ്ങളിൽ NN പിള്ളയും, ഒ. വി യും ഒ. എൻ വി യും വി. കെ. എന്നും എന്നു വേണ്ട കഥയും കവിതയും നാടകവും ഒക്കെ ഞങ്ങൾ കുത്തിയിരുന്ന് ചർച്ച ചെയ്ത് വീടെത്തുമ്പോൾ പാതിരയാവും..

ഈ കലാപരിപാടി ഒട്ടുമിക്ക ദിവസങ്ങളിലും ആവർത്തിക്കപ്പെടുന്നത് കൊണ്ട് മോഹനേട്ടന്റെ ഭാര്യ കനകേച്ചിക്ക് എന്നോടുള്ള സ്നേഹം വല്ലാതെ കൂടുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു… അത് കൊണ്ട് തന്നെ ഇന്ന് വിളിക്കാൻ പോകുമ്പോൾ ഗേറ്റിനപ്പുറം കടക്കേണ്ട എന്ന മുൻകരുതൽ ഞാനെടുത്തു..

ഇന്നത്തെപ്പോലെ മിക്സിയും ഗ്രൈൻഡറും ഒന്നും അന്നില്ല… ഉലയ്ക്ക, അമ്മി, ആട്ടുകല്ല് ഒക്കെ കനകേച്ചിയുടെ ഫാക്ടറിയിൽ യഥേഷ്ടം ഉണ്ടുതാനും…

വള്ളുവനാട് ഭാഗത്ത് പൂരം തുടങ്ങാറായാൽ അതിന്റെ വിളംബരവുമായി ‘നായാടികൾ’ വീടുകൾ കയറിയിറങ്ങും.. വീടിന്റെ പടിക്കൽ നിന്ന് “തമ്പ്രാട്ട്യേ…” എന്ന് നീട്ടി വിളിക്കും.. എന്നിട്ടേ ഉള്ളിലേക്ക് വരൂ… ഞാനും ആ സ്റ്റയ്ലിൽ പടിക്കൽ നിന്ന് “മോഹനേട്ടോ..” എന്ന് നീട്ടി വിളിച്ചു.. വിളി കേട്ട് പുറത്ത് വന്നത് കനകേച്ചി… ഞാൻ ഒന്നു പരുങ്ങി.. എന്നെക്കണ്ട് മനോഹരമായി ചിരിച്ച് ….

“ആ… കേറി വാ… മോഹനേട്ടൻ ഇപ്പൊ വരും ട്ടോ.. ”

എന്നും പറഞ്ഞ് കനകേച്ചി തിരിഞ്ഞപ്പോൾ ആ മുഖഭാവം മാറിയത് ഞാൻ കണ്ടു… ആ ഭാവമാണ് വർഷങ്ങൾക്ക് ശേഷം ‘അന്യൻ’ സിനിമയിൽ വിക്രം കട്ടെടുത്ത് സൂപ്പർ ഹിറ്റാക്കിയത്..

അല്പം കഴിഞ്ഞ് മോഹനേട്ടൻ വന്നു.. “എന്തേ…?”

“ആ നിസാർ പിന്നേം പണി തന്നു.. നാളെ അനൗൺസ്മെന്റ് ഉണ്ട്”

“അതിനെന്താ ചെയ്തൂടെ… ഇയ്യ് ചെയ്യാറുള്ളതല്ലേ… പിന്നെന്താ..?”

“അല്ലാന്നും… ഞാൻ ചെയ്യാറുണ്ട്… പക്ഷേ ഇത് തുണിക്കടയുടെ അല്ല..”

“പിന്നെ…?”

“ഇതൊരു സ്റ്റൌ ആണ്… മണ്ണെണ്ണ സ്റ്റൌ … പക്ഷേ ഗ്യാസ് കത്തണ പോലെ കത്തും ത്രേ…..”

“ഇബന് വേറൊന്നും കിട്ടീല്ലേ കച്ചോടം ചെയ്യാൻ…”

“ഞാനും ചോദിച്ചു ന്നും ഇത്… അപ്പോ ദാ.. ഈ നോട്ടീസ് എടുത്ത് കയ്യിൽ തന്നു..”

മോഹനേട്ടൻ നോട്ടീസ് വാങ്ങി വായിച്ചു…

“അപ്പോ ഇത് അന്നേക്കൊണ്ട് കൂട്ട്യാ കൂടില്ല… ല്ലേ…?”

“ഇല്ല്യാന്നും … ഞാനെഴുത്യാ ശരിയാവില്ല…”

“ങ്ങും… കനകേ… ആ ഷർട്ട് ഇങ്ങ്ട് എടുത്താ.. ഞാൽ ഒന്നു പുറത്ത് പോയിട്ട് വരാം..”

ഇത് കേട്ടതും ഞാൻ തിണ്ണയിൽ നിന്ന് ഇറങ്ങി ഓടാൻ തയ്യാറായി നിന്നു.. കയ്യിൽ ഷർട്ടും, മുഖത്ത് നേരത്തേ പറഞ്ഞ ‘അന്യൻ വിക്രത്തിന്റെ’ ഭാവവുമായി കനകേച്ചിയുടെ രണ്ടാമത്തെ എൻട്രി… കനകേച്ചി ഉമ്മറത്ത് എത്തിയപ്പോഴേക്കും ഞാൻ സുരക്ഷിതനായി പടിക്കൽ എത്തി.

ഷർട്ട് ഒരു ബോംബിടുന്ന ഭാവത്തോടെ മോഹനേട്ടന്റെ കയ്യിലേക്കിട്ട് ഷാജി കൈലാസിന്റെ സിനിമയുടെ ഇടവേള പോലെ സ്ലോമോഷനിൽ കനകേച്ചി അകത്ത് പോയി… മോഹനേട്ടൻ ഗേറ്റ് കടന്ന് പുറത്ത് വന്നു… നടക്കുമ്പോൾ മൂപ്പർ പറഞ്ഞു…

“ഇയ്യ് വന്ന് വിളിച്ചപ്പോ അവളെന്താ അകത്ത് വന്ന് പറഞ്ഞ് ന്നറിയോ..?”

“എന്താ പറഞ്ഞത്…?” എനിക്കാകാംക്ഷയായി…

“ങ്ങടെ രണ്ടാമത്തെ ഭാര്യ വന്നിട്ടുണ്ട് ന്ന്..”

എന്റെ മുഖം ചത്ത ശവത്തിന്റെ പോലെയായി…

“കനകേച്ചി എന്റെ പുരുഷത്വത്തിന് നേരെ ഇങ്ങനെ ഒരു ചോദ്യ ചിഹ്നമെറിഞ്ഞോ…?”

“പിന്നേ… അവള് ഒന്നേ എറിഞ്ഞുള്ളൂ ച്ചാലും അത് രാമായണം സീരിയലിലെ അമ്പ് പോലെ ഏഴെണ്ണായിട്ടാ വന്നത്..”

” അത്യോ…?

“ങ്ങും.. അത് സാരല്യ.. അവൾടെ ചൂടൊക്കെ ഇപ്പോ മാറും.. അവൾക്കന്നോട് ദേഷ്യം ഒന്നും ഇല്ല.”

മൂപ്പരെന്നെ സമാധാനിപ്പിച്ചു.. ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ‘ചിന്താ ദ്രാവകം’ കഴിക്കാൻ കയറി.. ഒരു 180 മില്ലി ‘ചിന്ത’ക്ക് ഓർഡർ കൊടുത്തു…

2:1 എന്ന ലെവലിൽ ഞങ്ങൾ ചിന്ത അകത്താക്കി… മോഹനേട്ടൻ പേനയെടുത്തു.. ഞാൻ പോക്കറ്റിൽ കരുതിയ വെള്ള കടലാസ് എടുത്ത് കൊടുത്തു… ഒരു 5 മിനിറ്റ് നേരത്തെ നിശബ്ദത… മൂപ്പര് ചറ പറാന്ന് എഴുതാൻ തുടങ്ങി.. പിന്നെ കടലാസ് എനിക്ക് നേരെ നീട്ടി…

“വായിക്കുമ്പോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതൊക്കെ ഇയ്യ് ശരിയാക്കിക്കോ… ക്ക് ഇത്രയൊക്കെയേ പറ്റൂ”

“മതി… അതൊക്കെ ഞാൻ ചെയ്തോളാം..”

“ങ്ങും… വായിച്ചു നോക്ക്..”

ഞാൻ ആർത്തിയോടെ ആ അക്ഷരങ്ങളെ പുൽകി….

“ന്താ… ഇത് പോരെ”

“മതി… ധാരാളം മതി…”

എനിക്ക് രാത്രി തന്നെ നിസാറിനെ വിളിച്ച് ജീപ്പ് റെഡിയാക്കാൻ പറയണം എന്ന് തോന്നി.. പോലീസ് പെർമിഷൻ കിട്ടില്ലല്ലോ എന്നോർത്ത് വേണ്ടാന്ന് വെച്ചു…

“എന്നാ പോവല്ലേ… ലേറ്റ് ആയി… കനകേച്ചി..”

എന്റെ കാര്യം കഴിഞ്ഞപ്പോൾ എനിക്ക് കനകേച്ചിയുടെ മുഖം ഓർമ്മ വന്നു..

“ഈ ചിന്ത കഴിഞ്ഞു…. ഇനിയിപ്പോ… രാത്രി വല്ല ചിന്തക്കും വരണം ന്ന് തോന്ന്യാലോ..?”

“ങ്ങാ അത് ന്യായം… ആരവിടെ… ന്നാ ഒരു 180 മില്ലി ചിന്ത കൂടി വരട്ടെ…”

**********************************

രാവിലെ കുളിച്ച് കുട്ടപ്പനായി ഞാൻ നിസാറിന് മുന്നിൽ എത്തി..

“എന്താടോ… സ്റ്റൌവ്വിനുള്ള അനൗൺസ്മെന്റ് ഒക്കെ ഉണ്ടാക്ക്യോ..”

മറുപടി ഒന്നും പറയാതെ ഞാൻ ഒരു ബാലൻ കെ നായർ ലുക്കിൽ നിസാറിനെ നോക്കി ജീപ്പിൽ കയറി… മൈക്ക് ഓൺ ആക്കി ഘനഗംഭീരമായി അനൗൺസ്മെന്റ് തുടങ്ങി…

“പണ്ട്.. പൂർവ്വികർ അഗ്നി ഉണ്ടാക്കാൻ അരണി കടഞ്ഞപ്പോൾ തീ പുകഞ്ഞത് അതിരാത്ര യാഗശാലകളിൽ മാത്രമായിരുന്നില്ല… ഭക്ഷണം വേവിച്ച് കഴിക്കണം എന്ന് തിരിച്ചറിഞ്ഞ നിരവധി മനുഷ്യ മനസ്സുകളിലും ആ തീച്ചൂട് ആളിക്കത്തി… അടുപ്പുകളും അടുക്കളകളും ഉണ്ടായി.. എന്നാൽ അപകടം പതിയിരിക്കുന്ന അടുക്കളകളിൽ നിന്നും ഒരു മോചനത്തിന് പിന്നേയും ഒരുപാട് കാത്തിരിക്കേണ്ടി വന്നു…. ഇന്നിതാ. കേവലം ഒരു ലിറ്റർ മണ്ണെണ്ണ കൊണ്ട് അപകടരഹിതമായി, ഗ്യാസടുപ്പിനെ വെല്ലുന്ന രീതിയിൽ 7 മണിക്കൂറിൽ അധികം പ്രവർത്തിക്കുന്ന ഈ അത്ഭുതം നിങ്ങളുടെ അടുക്കളക്കും ഒരു അലങ്കാരമാകട്ടെ.. മൈക്രോ ഹോട്ട് പോയന്റ് സ്റ്റൗവ്വുകൾ… അംഗീകൃത വ്യാപാരി … നീലിമ ഗിഫ്റ്റ്സ് & ക്രോക്കറീസ്, M G റോഡ്, ഷൊർണൂർ… (മ്യൂസിക്)

(തുടരും)
പ്രസാദ് ഷൊർണൂർ