ഒച്ചേം…. വിളീം.. ഭാഗം – 5

ഞാൻ നടത്തിയ മോർഫിംങ്ങ് ആപത്തിലെ ഡിങ്കനെ പോലെ എന്നെ തുണക്കാറുള്ള താടിയും മീശയുമുള്ള മോഹനേട്ടന്റെ മുഖത്ത് കിറുകൃത്യം അവസാനിച്ചു.

നാട്ടിലെ ജീപ്പിലെ ഒച്ചേം വിളീം അവസാനിപ്പിച്ച് ബോംബെയിൽ വന്ന് സ്റ്റേജിലെ ‘ഒച്ചേം വിളിക്കാരൻ’ (അവതാരകൻ) ആയപ്പോഴും ഞാൻ മൂപ്പരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.

നാട്ടിൽ നായൻമാർക്ക് സുകുമാരൻ നായരുടെ ഒറ്റ സംഘടനയേ ഉള്ളൂ. എന്നാൽ ഞങ്ങൾ മുംബൈ നായൻമാർ മുക്കിൽ മുക്കിൽ സംഘടിച്ച് ശക്തരാണ്. ഡോംബിവിലി നായൻമാരുടെ അന്നത്തെ പ്രസിഡൻറും ഞങ്ങളുടെ സിംഗവുമായ കൊണ്ടോത്ത് വേണുവേട്ടൻ ഒരു ദിവസം എന്നെ വിളിച്ചു.

“പ്രസാദേ… ഡോംബിവിലി നായൻമാര് സംഘടിച്ചു ശക്തരായിട്ട് 25 കൊല്ലം ആയി… ച്ചാൽ സിൽവർ ജൂബിലി.. നമുക്ക് അത് പൊരിക്കണം”

” വേണുവേട്ടാ… നായൻമാര് 25 കൊല്ലായിട്ട് സംഘടിച്ചു തന്നെ ഇരിക്കുണു.. അതും ബോംബെയില്..ഇത് പൊരിച്ചാ പോരാ.. വറുക്കേം വേണം..”

“ആവാം… വരുന്ന അതിഥികൾ ചില്ലറക്കാരല്ല”

“ആവരുത് വേണുവേട്ടാ… ആവരുത്”

” കേട്ടാൽ നീ ഞെട്ടും”

“ഞെട്ടിക്കോട്ടെ… ന്നാലും നിങ്ങള് പറയ്”

“മ്മടെ പഴേ U N അംബാസഡർ ഒക്കെ ആയിരുന്ന T P ശ്രീനിവാസൻ സാർ, ഗായകൻ വേണുഗോപാൽ, ആഷ ശരത്, സോന നായർ, ശ്രീകണ്ഠൻ നായർ… എന്തേ ഞെട്ടീല്ല്യേ….”

“കണ്ടമാനം ഞെട്ടി… ഇവരൊക്കെ നായമ്മാരാ… ? വേണുവേട്ടാ .. ഇവരൊക്കെ ഇരുട്ട് കട്ടകുത്തി വരണ മാതിരി ഒറ്റ വേദിയിലോ..?”

“പിന്നല്ലാണ്ട്… അപ്പോ നീ പണി തുടങ്ങിക്കോ… ങാ.. പിന്നെ സത്യൻ നിന്നെ വിളിക്കും (ഡോംബിവിലി സത്യൻ)… ഇവരുടെ പ്രൊഫൈൽ മൂപ്പര് തരും…”

“ഏയ് അതിന്റെ ഒന്നും ആവശ്യമില്ല… അതൊക്കെ ഞാൻ ഉണ്ടാക്കിക്കോളാം… അതൊക്കെ എന്റെ പണി അല്ലേ.. അതിനല്ലേ നിങ്ങൾ പൈസ തരുന്നത്..”

എനിക്ക് പൈസ വേണം എന്ന് ഞാൻ വേണുവേട്ടനോട് ബ്രോക്കർമാർ സ്ത്രീധനം ചോദിക്കണ തന്ത്രമുപയോഗിച്ച് പറഞ്ഞു..

“ഏയ്‌.. അതു പറ്റില്ല… മിക്കവരും ഒരു ചാനലിന്റെ കെയറോഫിൽ ആണ് വരുന്നത്.. നീ ഒരാളെ പൊലിപ്പിച്ച് പറഞ്ഞാൽ മറ്റേ ആള് പണി തരും… അപ്പോ ചാനലുകാര് ലെറ്റർ ഹെഡിൽ ടൈപ്പ് ചെയ്ത സംഭവം സത്യൻ തരും… അതു മാത്രം പറഞ്ഞാൽ മതി..”

“അപ്പോ എനിക്ക് ഒന്നും എഴുതി ഉണ്ടാക്കണ്ടേ”

“വേണം… T P സർ, ശ്രീകണ്ഠൻ നായർ .. ഇവരുടെ പ്രൊഫൈൽ നീ ഉണ്ടാക്കണം”

“അത് ഞാൻ ഏറ്റു”

T P ശ്രീനിവാസൻ എന്ന വലിയ മനുഷ്യനെക്കുറിച്ച് വിവരങ്ങൾ കണ്ടെത്തുക ഒരു വിഷയമേ അല്ല… രണ്ടാമത്തെ ആൾ പ്രശസ്തനായ ഒരു അവതാരകനാണ്.. ഞാനും അത്ര പ്രശസ്തനൊന്നും അല്ലാത്ത എന്നാൽ അതേ തൊഴിൽ ചെയ്യുന്ന ഒരാളാണ്… മൂപ്പരോട് എനിക്ക് ഒരിഷ്ടക്കൂടുതൽ.. മൂപ്പരെ ഒന്ന് പൊലിപ്പിക്കണം എന്ന് മനസ്സിൽ തീരുമാനിച്ചു..

AIR ൽ തുടങ്ങിയ കാലം മുതൽ നമ്മൾ തമ്മിൽ എന്ന ടോക് ഷോയിൽ എത്തിച്ച് അവസാനം “അവതരണ കലയിലെ അപ്പോസ്തലൻ” എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഇത് മോഹനേട്ടനോട് പറഞ്ഞ് ഒന്ന് ഉറപ്പിക്കാം.. പ്രോഗ്രാം ദിവസം രാവിലെ മോഹനേട്ടനെ വിളിച്ചു.. കാര്യങ്ങൾ വിശദീകരിച്ചു…

” അപ്പോ മോഹനേട്ട.. അവസാനം അവതരണ കലയിലെ അപ്പോസ്തലൻ… അത് പോരെ.?”

“പോര”

“പിന്നെ”

“ഒരു കടലാസും പേനയും എടുത്ത് ഇരുന്നോ.. 2 മിനുട്ടിൽ ഞാൻ വിളിക്കാം”

ഫോൺ കട്ടായി… ഞാൻ അസാനഭാഗം എഴുതിയത് പോര എന്ന് പറഞ്ഞപ്പോ എനിക്ക് ആകെ ടെൻഷൻ ആയി… ഇനി മൂപ്പർ വിളിക്കില്ലേ.. ഇല്ലെങ്കിൽ എനിക്ക് ഞാൻ എഴുതിയത് പറയാനുള്ള കോൺഫിഡൻസും ഇല്ലാതാവും… എന്റെ ആശങ്കകളുടെ മേൽ ചാട്ടവാറടി പായിച്ചു കൊണ്ട് എന്റെ മൊബൈൽ ശബ്ദിച്ചു.. മറുതലക്കൽ മോഹനേട്ടൻ…

“ടാ.. ആ തുടക്കത്തിൽ എഴുതിയത് ഒക്കെ നന്നായിട്ടുണ്ട്… അവസാനം മാറ്റി ഇങ്ങനെ ആക്ക്..”

“എങ്ങനെ…?”

“എഴുതിക്കോ…”

“ങ്ങും..”

“ശ്രീകണ്ഠൻ നായർ… വിഷയങ്ങളുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന് നേരിന്റെ ചൂട്ട് വെളിച്ചം തെളിയിക്കുന്ന അവതരണകലയുടെ പ്രൊമിത്യൂസ്”.

എന്റെ സകല രോമകൂപങ്ങളും എഴുന്നേറ്റ് നിന്ന് മോഹനേട്ടന് അഭിവാദ്യം അർപ്പിച്ചു..

(തുടരും)
പ്രസാദ് ഷൊർണൂർ