ഒച്ചേം വിളീം – ഭാഗം 2

“ഇന്ത്യൻ ഫേബ്രിക്സ്,
മെയിൻ റോഡ്, ഷൊർണൂർ”

നാടകങ്ങളിലെ ടൈറ്റിൽ അനൗൺസ്മെന്റുകൾ, നരേഷൻസ് എന്നിവ വോയ്സ് മോഡുലേഷനോടെ പറയാൻ എന്നെ പഠിപ്പിച്ചത് മോഹനേട്ടനാണ് (സ്വാതി മോഹനൻ).

ഷൊർണൂർ അങ്ങാടിയിലെ അന്നത്തെ തെണ്ടിത്തിരിയൽ ഒക്കെ കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് നടക്കുകയാണ്. പോലീസ് സ്റ്റേഷൻ കഴിഞ്ഞ് അല്ലം മുമ്പോട്ടു നടന്നപ്പോൾ ഇന്ത്യൻ ഫാബ്രിക്സ് ഉടമ നിസാർ എന്നെ കൈ കാണിച്ചു കടയിലേക്ക് വിളിച്ചു. ഞാൻ ചെന്ന് എന്താണ് കാര്യമെന്നു ചോദിച്ചു ….

നാളെ മുതൽ ആദായ വില്പന തുടങ്ങുകയാണ്. ഒരാഴ്ച പല സ്ഥലങ്ങളിലായി ജീപ്പിൽ പരസ്യം ചെയ്യണം. ഒറ്റപ്പാലം ബ്രദേഴ്സ് സൗണ്ടിൽ നിന്നും സെറ്റ് കെട്ടി വണ്ടി രാവിലെ 9 മണിക്ക് എത്തും. അപ്പോഴേക്കും എത്തണം…

അല്ലാ… അതിപ്പോ .. ഈ അല്ലറ ചില്ലറ രാഷട്രീയ പ്രചരണവും നാടക അനൗൺസ്മെൻറുമല്ലാതെ ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ പരസ്യമൊന്നും ഞാൻ ചെയ്യാറില്ല…

അതൊന്നും പറഞ്ഞാൽ പറ്റില്ല.. മോഹനേട്ടൻ പറഞ്ഞു, ഞാൻ പറഞ്ഞു ന്ന് പറ.. അവൻ ചെയ്തോളും….

ഏത് മോഹനേട്ടൻ…?

സ്വാതി മോഹനേട്ടൻ…

കുടിങ്ങീലോ ഭഗവാനെ… എന്ന് മനസ്സിൽ പറഞ്ഞു… ഒരു വിധം ധൈര്യം സംഭരിച്ച് സമ്മതം മൂളി ഒരു നോട്ടീസും വാങ്ങി വീട്ടിലേക്ക് നടന്നു.. രാത്രി കുറച്ച് കാര്യങ്ങൾ മനസ്സിൽ കുത്തിക്കുറിച്ചു…

രാവിലെ മോഹനേട്ടനെ കണ്ടു …

വലതു കാൽ വെച്ച് ജീപ്പിലേക്ക് കയറിക്കോ….

കല്യാണപ്പെണ്ണിന്റെ പരിഭ്രമത്തോടെ ഞാൻ മുൻ സീറ്റിൽ ഇരുന്നു. മുൻ പരിചയമില്ലാത്ത ഡ്രൈവറും, സൗണ്ട് ഓപ്പറേറ്ററും ‘ഇവനേതടാ’ എന്ന മട്ടിൽ എന്നെ നോക്കി.

നിസാർ പറഞ്ഞു….

കോൺവെന്റിന്റെ അവിടെ പോയി സൗണ്ട് ടെസ്റ്റ് ചെയ്ത് പതുക്കെ അനൗൺസ് ചെയ്ത് വാ… ഷൊർണൂരിൽ ഒരു പുതിയ ശബ്ദം ഉണ്ടാകട്ടെ….

മൈക്ക് ടെസ്റ്റ് ചെയ്ത് ഞാൻ ആദ്യമായി അനൗൺസ് ചെയ്തു…

“ഇന്ത്യൻ ഫേബ്രിക്സ്,
മെയിൻ റോഡ്, ഷൊർണൂർ

നിങ്ങളുടെ പിഞ്ചോമനകൾക്ക് ചിത്ര ശലഭത്തിന്റെ തുടിപ്പേകുന്ന കൊച്ചു കൊച്ചുടുപ്പുകൾ…. സത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന ബനാറസ്, കാഞ്ചീപുരം പട്ടുസാരികൾ…. കാലത്തിന്റെ മാറ്റമുൾക്കൊണ്ടു കൊണ്ട് ചുരിദാറുകളുടെ വിപുലമായ ശേഖരം.. പുരുഷ സൗന്ദര്യത്തിന് പ്രൌഢി പകരുന്ന ഷർട്ടിങ്ങ് സ്യൂട്ടിങ്ങ് തുണിത്തരങ്ങൾ, റെഡിമെയ്ഡുകൾ … എന്നിവ വമ്പിച്ച വിലക്കുറവിൽ….

വസ്ത്ര വ്യാപാര രംഗത്ത് 25 വർഷത്തെ വിശ്വസ്ത പാരമ്പര്യവുമായി
ഇന്ത്യൻ ഫേബ്രിക്സ്,
മെയിൻ റോഡ്, ഷൊർണൂർ… (മ്യൂസിക്)

പിന്നെ ഞാൻ വർഷങ്ങളോളം ഇന്ത്യൻ ഫേബ്രിക്‌സിന്റെ ‘കുത്തക’ ഒച്ചേം വിളിക്കാരനായിരുന്നു. മോശമല്ലാത്ത ഒരു വരുമാനവും ഇതിൽ നിന്നും എനിക്ക് ലഭിച്ചിരുന്നു.

ഏത് പ്രസാദ് എന്നു ചോദിച്ചാൽ ഇന്ത്യൻ ഫേബ്രിക്സ് പ്രസാദ് എന്നു പറയുന്ന അവസ്ഥയിൽ വരെ എത്തി ഒച്ചേം വിളീം…..

അന്നും പതിവുപോലെ രാവിലെ കോൺവെന്റിലേക്ക് പോകുന്ന പെൺകുട്ടികളുടെ കണക്കെടുപ്പും, ഒപ്പം മൈക്ക് ടെസ്റ്റിങ്ങും കഴിഞ്ഞ് അനൗൺസ്മെന്റ് ജീപ്പ് ഇന്ത്യൻ ഫേബ്രിക്സിനു മുന്നിൽ എത്തിയപ്പോൾ നിസാർ പുറത്ത് വന്നു. മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം..

കടയിലെ സ്റ്റാഫിനെ പുറത്തേക്ക് വിളിച്ച് ജീപ്പിന്റെ സൈഡിലെ ബോർഡുകൾ അഴിച്ചു വെക്കാൻ പറഞ്ഞു… എന്നോട് ജീപ്പിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു….

ഒന്നും മനസ്സിലാകാതെ ഞാൻ ചോദിച്ചു…

നിസാറെ….എന്തു പറ്റി…?

നീ കടയിലേക്ക് വാ….

എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാൻ നിസാറിനെ അനുഗമിച്ചു…

(തുടരും)

പ്രസാദ് ഷൊർണൂർ