ഒച്ചേം വിളീം….. ഭാഗം 3

കടയിൽ വെച്ച് ഞാൻ ചോദ്യം ആവർത്തിച്ചു…

“നിസാർ…. എന്തു പറ്റി..? കുഴപ്പം വല്ലതും…”

“ഹും…. ഷൊർണൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബഹുമാന്യനായ പ്രസിഡന്റ് ശ്രീ മച്ചിങ്ങൽ മുഹമ്മദ് ഹാജി മരണപ്പെട്ടു…”

“ഓ….. കഷ്ടം…”

ഷൊർണൂർ ബസ്സ്റ്റാന്റിന് മുൻവശത്തുള്ള കെട്ടിടമാണ് മച്ചിങ്ങൽ ബിൽഡിംങ്ങ് എന്നറിയാം… പക്ഷേ അതിന്റെ ഉടമസ്ഥനെ എനിക്ക് നേരിട്ടു പരിചയമൊന്നും ഉണ്ടായിരുന്നില്ല… എങ്കിലും ഒരു മരണവാർത്ത എനിക്കും വിഷമമുണ്ടാക്കി…

നിസാർ തുടർന്നു….

“അത് കൊണ്ട് ഇന്ന് പരസ്യം ചെയ്യേണ്ട…”

ഒരാളുടെ മരണം എന്നിലും ദു:ഖമുണ്ടാക്കിയെങ്കിലും ‘ഇന്ന് പരസ്യം വേണ്ട’ എന്നു കേട്ടപ്പോൾ നാട്ടിലേക്ക് വരാൻ വിസ അടിച്ചു കിട്ടിയ പ്രവാസിയെപ്പോലെയായി ഞാൻ….

കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ജീപ്പിൽ തന്നെയാണ്… രാവിലെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചെത്താൻ വൈകും… കൂട്ടുകാരെ ഒക്കെ കണ്ടിട്ടു തന്നെ കുറെയായി…. ഇന്ന് ഒന്ന് അർമാദിക്കണം എന്ന് മനസ്സിലുറപ്പിച്ച്‌ എന്നാൽ ആ സന്തോഷം മുഖത്ത് വരുത്താതെ ഞാൻ നിസാറിനോട് പറഞ്ഞു..

“ഇന്നെന്തായാലും പരസ്യം ചെയ്യേണ്ടല്ലോ… എന്നാൽ ഞാനങ്ങോട്ട് .. ”

“എങ്ങോട്ട്…?”

“വീട്ടിലേക്ക്…. ”

“അപ്പോ അനൗൺസ് ചെയ്യണ്ടേ…?”

“ഇപ്പോഴല്ലേ ചെയ്യണ്ടാ ന്ന് പറഞ്ഞേ…”

“കടയുടെ പരസ്യം ചെയ്യണ്ടാ എന്ന് പറഞ്ഞു… പക്ഷേ വേറെ അനൗൺസ്മെന്റ് ചെയ്യാൻ ഉണ്ട് .. നീ ഒരു ചായ കുടിച്ച് അവിടെ ഇരിക്ക്..”

എനിക്ക് ദേഷ്യം വന്നു….

“വേറെ എന്തു അനൗൺസ്മെന്റ്..?”

“പറയാം … നീ ആദ്യം ചായ കുടിക്ക്…”

അർമാദിക്കൽ നടക്കില്ല എന്ന തോന്നൽ എന്റെ തലയിൽ കിടന്ന് പുകയാൻ തുടങ്ങി…ആ ദേഷ്യം കാരണം കുടിക്കാൻ തന്ന ചായ മലയാളി ‘ത്രിഗുണൻ’ അടിക്കുന്ന പോലെ ഒറ്റവലിക്ക് കുടിച്ചു… നാവു മുതൽ വൻകുടൽ വരെ പൊള്ളി…

ഞാൻ അല്ലം ശബ്ദം ഒക്കെ കനപ്പിച്ച് വടക്കൻ വീരഗാഥയിലെ മമ്മൂക്കയുടെ ശബ്ദത്തിൽ ചോദിച്ചു…

“ഏത് അനൗൺസ്മെന്റ് ആണ് ഞാൻ ചെയ്യേണ്ടത്..?”

“മച്ചിങ്ങൽ മുഹമ്മദ് ഹാജിയുടെ മരണ അറിയിപ്പ്….”

“നിസാറേ…..” എന്ന ആ നീട്ടിയ വിളി മമ്മൂക്കയിൽ തുടങ്ങി ഇന്ദ്രൻസിന്റെ ശബ്ദത്തിൽ അവസാനിച്ചു..

“വെറും ഒരു അറിയിപ്പ്.. ടൌൺ, വെട്ടിക്കാട്ടിരി, പള്ളം, ദേശമംഗലം ഇത്രേം സ്ഥലത്തേ വേണ്ടൂ… ഇന്ന ആൾ മരിച്ചു… ഇത്ര മണിക്ക് ഇന്ന പള്ളിയിൽ കബറടക്കം ഇത്രേം പറഞ്ഞാൽ മതി…”

നിസാർ സംഭവം എന്നെക്കൊണ്ട് ചെയ്യിക്കാൻ പരമാവധി ശ്രമിക്കുകയാണ്..

“നിസാറെ… ഇത് നിങ്ങൾ മതപരമായി ചെയ്യേണ്ട ഒരു കാര്യമാണ്… അതു ചെയ്യേണ്ടത് ഉസ്താദോ, മുക്രിയോ ഒക്കെ ആണ്… മാത്രമല്ല സാധാരണ രണ്ടു കോളാമ്പി മൈക്ക് കെട്ടി വിളിച്ചു പറയുന്ന അറിയിപ്പ് ഇജ്ജാതി സൗണ്ടിലൊക്കെ ചെയ്താൽ അത് ആർഭാടമാവില്ലേ…ആളുകൾ കളിയാക്കില്ലേ…?”

രക്ഷപ്പെടാനുള്ള സകല പഴുതും ഞാൻ കുത്തിപ്പൊളിച്ച് വലുതാക്കി… അതിൽ മുഴുവൻ സിമന്റ് വാരിത്തേച്ച് നിസാർ പറഞ്ഞു…

” അതേയ്… വേറെ സെറ്റ് കെട്ടാനും, ആളെ ഏർപ്പാടാക്കാനും ഒന്നും സമയമില്ല… ഉച്ചക്കാണ് കബറടക്കം.. മണി ഇപ്പോ തന്നെ 9.30 കഴിഞ്ഞു… വേണ്ടപ്പെട്ടവരോടൊക്കെ ആലോചിച്ചാണ് തീരുമാനം എടുത്തത്.. വേഗം തുടങ്ങാൻ നോക്ക് … പറയാൻ ഉള്ളത് ഞാൻ ഒരു കടലാസിൽ എഴുതി തരാം….”

നിസാറിന്റെ പിടിയിൽ നിന്നും ഊരാൻ കഴിയില്ല എന്ന സത്യം എനിക്ക് ബോദ്ധ്യപ്പെട്ടു… ഞാൻ മാനസികമായി ഒരു തയ്യാറെടുപ്പു നടത്തി…

നിസാർ ഒരു തുണ്ടു കടലാസിൽ എന്തോ കുത്തിക്കുറിച്ചത് എന്റെ നേരെ നീട്ടി…

“ഒന്നു രണ്ടു വട്ടം വായിച്ച് എന്റെ മുന്നിൽ ഒന്നു പറഞ്ഞതിനു ശേഷം നീ ജീപ്പിൽ കയറിക്കോ…”

ഞാൻ കടലാസു വാങ്ങി…. എഴുതിയിരിക്കുന്നത് മലയാള അക്ഷരങ്ങൾ തന്നെയാണ്.. പക്ഷേ എനിക്ക് സാധാരണ പോലെ കൂട്ടിവായിക്കാൻ പറ്റുന്നില്ല…. മലയാളം പഠിപ്പിച്ച തങ്ക ടീച്ചറേയും, ഇന്ദിര ടീച്ചറേയും മനസ്സിൽ ധ്യാനിച്ചു ഒന്നു കൂടി വായിക്കാൻ ശ്രമിച്ചു.. ഇല്ല… പറ്റുന്നില്ല….

ഒരു ചെറിയ ചമ്മലോടെ ഞാൻ നിസാറിനോട് ചോദിച്ചു…

“ഈ മുകളിലെ രണ്ടുവരി ഒഴികെ എല്ലാം വായിക്കാൻ പറ്റുന്നുണ്ട്… ഇതു മാത്രം…. എന്താന്നറിയില്ല….”

“ആ…. അത് കുറച്ച് ബുദ്ധിമുട്ട് തോന്നും… അറബിയാണ്… ഞാൻ മലയാളത്തിൽ എഴുതിയതാണ് നിനക്ക് വായിക്കാനുള്ള സൗകര്യത്തിന്…”

“നിസാറേ…..” എന്ന വിളി ഇത്തവണ നിലവിളിയായി….

“നിസാറെ …. മലയാളം അല്ലാതെ ഒരു ഭാഷയും പറയാൻ എനിക്കറിയില്ല… ഈ അറബിയൊക്കെ അറിയാത്ത ആൾ വായിച്ചാൽ അത് പെട്ടെന്നു മനസ്സിലാകും…. മാത്രമല്ല അത് ഒരു നിന്ദിക്കലും ആകും.. അതുകൊണ്ട് വേണ്ട… പ്ലീസ്…”

“നീ അതു വായിച്ച് നോക്കി എന്റെ മുന്നിൽ ഒന്നു പറ… ശരിയാവുന്നില്ലെങ്കിൽ അതൊഴിച്ച് ബാക്കി ഭാഗം വായിച്ചാൽ മതി…”

ഒന്നു രണ്ടാവർത്തി വായിച്ചു നോക്കി…. പറ്റില്ലെന്നു പറഞ്ഞാൽ നാണക്കേടാകും…. ധൈര്യത്തോടെ നിസാറിന്റെ മുന്നിൽ ഞാൻ അത് പറഞ്ഞു കേൾപ്പിച്ചു… നിസാറിന്റെ മുഖത്തെ പുഞ്ചിരി എനിക്കുള്ള ഗ്രീൻ സിഗ്നൽ ആയി…

തലയിൽ കെട്ടില്ലാതെ, തൊപ്പി ഇല്ലാതെ, നെറ്റിയിൽ നിസ്കാര തഴമ്പില്ലാതെ എന്നാൽ നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി ഞാൻ ജീപ്പിന്റെ മുൻ സീറ്റിലേക്ക് കയറി…

മൈക്ക് കയ്യിലെടുത്ത് വാണീദേവിയായ സരസ്വതിയെ മനസ്സിൽ പ്രാർത്ഥിച്ച് ഞാൻ മൈക്ക് ഓൺ ചെയ്ത് പറഞ്ഞു…

“ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ….”

ഷൊർണൂർ മച്ചിങ്ങൽ മുഹമ്മദ് ഹാജി മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു… പരേതന്റെ കബറടക്കം ഇന്ന് ഉച്ചക്ക്……”

സാധാരണ കേൾക്കാത്ത ശബ്ദത്തിൽ.. വ്യത്യസ്തതയിൽ ആ ‘ദിക്റ്’ കേട്ട ആളുകൾ റോഡിലേക്ക് ഇറങ്ങി വന്നു… അവർ പ്രതീക്ഷിച്ച മതചിഹ്നങ്ങൾ ഇല്ലാത്ത എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ചിഹ്നങ്ങളുമായി ഒരാൾ… അവർ അത്ഭുതത്തോടെ ആവും ആ ഒച്ചയും വിളിയും അന്ന് കേട്ടത് എന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു…

ഇന്ന് മതചിഹ്നങ്ങൾക്ക് ഏറെ പ്രസക്തി ഉള്ള ഈ കാലഘട്ടത്തിൽ ഇത് സാദ്ധ്യമാകുമോ എന്നും ഞാൻ ശങ്കിക്കുന്നു…

നിസാറിന് നന്ദി..

എന്റെ ഒച്ചേം വിളീം ജീവിതത്തിലെ മതസൗഹാർദ്ദത്തിന്റെ മറക്കാനാവാത്ത അടയാളമായി ആ ദിവസം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു…

(തുടരും)
പ്രസാദ് ഷൊർണൂർ