അന്ധേരിയില്‍ മോഡലിനെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാല്‍

മുംബൈ: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരന്റെ മൊഴി. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയിദ് പരിചയപ്പെട്ടത്. മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്‌ളാറ്റില്‍ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു.തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പോലീസ് അയാളെ പിടികൂടിയത്.