ആദിവാസി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന സാമഗ്രികളുമായി നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

മുംബൈ: കല്യാണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആദിവാസി മേഖലയിലെ  സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കല്യാണില്‍ നിന്ന് 146 കിലോമീറ്റര്‍ അകലെയുള്ള പാല്‍ഘര്‍ ജില്ലയിലെ മൊക്കാട താലൂക്കില്‍പെട്ട മുജ്യാച്ചിമേട്ട്. ഡാന്‍ഡ്വാള്‍ എന്നീ ഗ്രാമങ്ങളിലെ അംഗന്‍വാഡിയിലേയും സ്കൂളിലേയും മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗുകള്‍, ബുക്കുകള്‍ തുടങ്ങി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പോഷണ സമൃദ്ധമായ ഭക്ഷണവും കുട്ടികള്‍ക്ക് നല്‍കി.
പദ്ധതിയുടെ അടുത്ത ഘട്ടങ്ങളില്‍ അടുക്കള സാമഗ്രികള്‍, വാട്ടര്‍ പ്യൂരിഫയര്‍, കമ്പൂട്ടര്‍, കമ്പിളി പുതപ്പുകള്‍, ടൂത്ത് ബ്രഷുകള്‍, ടൂത്ത്പേസ്റ്റുകള്‍, സോപ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതുകൂടാതെ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തും. 500 ഓളം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്.
ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സുനില്‍ രാജ്, ഉണ്ണികൃഷ്ണന്‍, സുഭാഷ് നായര്‍, വരുണ്‍ നായര്‍, ഷാജിമോന്‍, ദത്തത്ത്റേ ഹമാരെ, രാജേന്ദ്ര തമ്പോളി, ഹണി, ഷിജിന്‍, കിരണ്‍ പാര്‍ഗി, രാഹുല്‍ പാണ്ഡെ, സുമിത് സുദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
നന്മ മുന്‍ വര്‍ഷങ്ങളില്‍ വെഹ്ളോളി, പ്ലോട്ട്പാട, ഡാന്‍ഡ്വാള്‍ എന്നീ ഗ്രാമങ്ങളില കുട്ടികള്‍ക്ക് സഹായം നല്‍കിയിരുന്നു.
പോഷകാഹാര കുറവുമൂലം ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്കായി മുട്ട, പാല്‍, പഴം, എന്നിവ എല്ലാ ആഴ്ചകളിലും തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി സുനില്‍രാജ് അറിയിച്ചു.