നെരൂള്‍-ഉറന്‍ സബര്‍ബന്‍ തീവണ്ടി പരീക്ഷണഓട്ടം അടുത്ത ആഴ്ച തുടങ്ങും.

നവിമുംബൈ: ഹാര്‍ബര്‍ ലൈനില്‍ നെരൂളില്‍നിന്ന് ഉള്‍വെയിലെ ഖാര്‍കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിന് അടുത്തയാഴ്ച തുടക്കമാവും.നെരുളില്‍നിന്നു ജവാഹര്‍ ലാല്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സമീപമേഖലയായ ഉറനിലേക്കുള്ള പാതയില്‍ നാലാമത്തെ സ്റ്റേഷനാണു ഖാര്‍കോപ്പര്‍.നെരൂള്‍ ഉറന്‍ പാത 27 കിലോമീറ്ററാണ്.
നവിമുംൈബ വിമാനത്താവളത്തിന്റെ കവാടമേഖല ഉള്‍പ്പെടുന്ന ഉള്‍വെ പ്രദേശത്തെ ജനങ്ങള്‍ക്കാണു ഖാര്‍കോപ്പര്‍ വരെ ലോക്കല്‍ ട്രെയിന്‍ എത്തിയാല്‍ ഉപകാരപ്പെടുക.
പിഴവുകള്‍ കണ്ടെത്തി, തിരുത്തല്‍ വരുത്തി വീണ്ടും പരീക്ഷണം നടത്തിയശഷമായിരിക്കും സര്‍വീസ് ആരംഭിക്കുക. നിശ്ചയിച്ചിരിക്കുന്നതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ഒരുമാസത്തിനകം നെരൂള്‍-ഉള്‍വെ (ഖാര്‍കോപ്പര്‍) പാതയില്‍ പതിവു സര്‍വീസ് ആരംഭിക്കാനായേക്കും.
നെരുള്‍-ഉള്‍വെ പാതയുടെ ദൂരം 12 കിലോമീറ്ററാണ്. 20-25 മിനിറ്റാണ് ഈ പാതയില്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്ക് ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.
ഉള്‍വെയില്‍നിന്നു സിഎസ്ടി-പന്‍വേല്‍ പാതയിലേക്ക് ഇംഗ്ലിഷ് അക്ഷരമായ ‘വൈ’ ആകൃതിയിലാണു റെയില്‍വേ ട്രാക്ക്.പന്‍വേലില്‍നിന്നു വരുന്ന ട്രെയിന്‍ ബേലാപുരില്‍നിന്ന് ഉള്‍വെയിലേക്കു തിരിയും.താര്‍ഘര്‍, ബാമന്‍ ഡോന്‍ഗ്രി, ഖാര്‍കോപ്പര്‍ എന്നിവയാണ് ഉള്‍വെ വരെയുള്ള സ്റ്റോപ്പുകള്‍. സിഎസ്എംടിയില്‍നിന്നു വരുന്ന ട്രെയിനുകള്‍ നെരൂളില്‍നിന്നു സീവുഡ്‌സിലെത്തി അവിടെനിന്ന് ഉള്‍വെയിലേക്കു തിരിയും.