വിശപ്പിന്റെ വേദനകൾ

ഒരു വൈകുന്നേരം ഒരു ലോക്കൽ പത്രത്തിന്റെ ഓഫിസിൽ വച്ചാണ് ഞാൻ കേശു ഭായിയെ ആദ്യം കാണുന്നത്. മോഹൻലാലിനെ പോലെ തോളൽപ്പം ചരിച്ച് അലക്ഷ്യമായി എന്നാൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ഭാവേന നടക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ ശരീരം. ലൂസായ ഒരു ഷർട്ടും അതിലും ലൂസ് ആയ ഒരു പോക്കറ്റും, അതിൽ കുത്തി നിറച്ച എന്തൊക്കെയോ കടലാസുകൾ. പ്യൂൺ ആണെന്നാണ് ഞാൻ ആദ്യം കരുതിയത്, പിന്നീടാണ് ആരോ പറഞ്ഞത് പത്രം മുതലാളിയുടെ അനുജൻ ആണതെന്ന്. കാറിൽ സഞ്ചരിക്കുന്ന മുതലാളിയുടെ സൈക്കിൾ പോലും ഇല്ലാത്ത അനുജൻ പത്രക്കെട്ടുകളുമായി കിലോമീറ്ററുകൾ നടന്നു പോകുമായിരുന്നു, പല കടകളിലും പത്രം വിതരണം ചെയ്യാൻ. കേശു ഭായിക്ക് വേഗത്തിൽ നടക്കാൻ അൽപം വിഷമം ഉണ്ടായിരുന്നു, കാലിൽ ആണിരോഗം ഉള്ളവരെ പോലെ നിലത്ത് കാലുറപ്പിക്കാതെയാണ് നടക്കുക.

കേശു ഭായി ആരോടും ഒന്നും “വയ്യ” എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടില്ല, എന്ത് പറഞ്ഞാലും ക്ഷമയോടെ കേൾക്കും. കേശുഭായി ഒരു ഭക്ഷണ പ്രിയൻ ആയിരുന്നു. എന്തും ആസ്വദിച്ച് കഴിക്കുന്ന കൂട്ടത്തിലായിരുന്നു കേശു ഭായി. വായിൽ പല്ലുകൾ വളരെ കുറവേ ഉള്ളൂ, അതുകൊണ്ട് കട്ടിയുള്ള ഭക്ഷണ സാധനങ്ങൾ ആരെങ്കിലും കൊടുത്താൽ വിഷമത്തോടെ ആണെങ്കിലും ഭായി അത് നിരസിക്കുമായിരുന്നു. അപ്പോഴും അത് കഴിക്കാൻ പറ്റാത്തതിന്റെ വിഷമം കേശുഭായിയുടെ മുഖത്ത് തെളിഞ്ഞു കാണാം.

കേശുഭായി കല്യാണം കഴിച്ചിട്ടില്ല, ഏട്ടന്റെ തണലിൽ ഉള്ള ജീവിതം ആണ്, ഏട്ടൻ മാളികയിൽ താമസിക്കുമ്പോഴും കേശു ഭായി അന്തി ഉറങ്ങിയിരുന്നത് പത്രം ഓഫിസിലെ തിണ്ണയിൽ ആയിരുന്നു. കേശുഭായിക്ക് അതിലൊട്ടു പരിഭവമോ പരാതിയോ ഇല്ലായിരുന്നു. “നമുക്കെന്ത്, എങ്ങിനെയെങ്കിലും ദിവസം കഴിയണം, അത്രയല്ലേ വേണ്ടൂ” കേശുഭായിയുടെ ഒരു മനോഗതം അതായിരുന്നു. വയറു വിശക്കുമ്പോഴും തന്റെ കുടുംബക്കാർ ഇത്ര വലിയ നിലയിൽ ആയിട്ടും തനിക്കിങ്ങനെ ഒരു ഗതി വന്നല്ലോ എന്ന പ്രയാസം കേശുഭായിൽ കണ്ടിട്ടില്ല, എല്ലാം വിധി എന്ന് സമാധാനിച്ച് കഴിയാനായിരുന്നു അയാൾക്ക് ഇഷ്ടം. നമ്മുടെ നിയോഗങ്ങൾക്ക് നമ്മൾ മറ്റുള്ളവരെ കുറ്റം പറയരുത് എന്നായിരുന്നു കേശുഭായിയുടെ സാരോപദേശം.

പത്രം ഓഫിസിലെ കണ്ട് മുട്ടലിനു ശേഷം ഞാൻ കേശുഭായിയെ മറന്നിരുന്നു. പിന്നെ ഒരു വർഷം മുമ്പാണ് ഞാൻ വീണ്ടും കേശുഭായിയെ കണ്ട് മുട്ടുന്നത്. അത് മുംബൈക്കാരുടെ സ്വന്തം ചേട്ടനായ കുഞ്ഞുണ്ണിയേട്ടന്റെ കൂടെ താമസിക്കാൻ എന്റെ വീടിനടുത്തുള്ള ഒരു ഫ്‌ളാറ്റിൽ വന്നപ്പോഴായിരുന്നു. അന്നാണ് ഞാൻ അറിയുന്നത് പത്രം മുതലാളി പത്രം നിർത്തി ഓഫിസും വിറ്റു വിദേശത്ത് പോയെന്ന്. അതിനാലാണ് ഓഫീസിലെ അന്തേ വാസികളായ കുഞ്ഞുണ്ണിയേട്ടനും കേശുഭായിയും ഒരു വാടക വീട്ടിലേക്ക് മാറിയത്. ശുദ്ധനും രസികനുമായ കുഞ്ഞുണ്ണിയേട്ടന്റെ പഴങ്കഥകളും നാട്ടു വിശേഷങ്ങളും കുറച്ച് സാഹിത്യ ചർച്ചകളും ഒക്കെയായി ഞാൻ അവരുടെ വീട്ടിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. അതിനാൽ കേശു ഭായിയെയും എന്നും ദർശിക്കാറുണ്ട്. കുഞ്ഞുണ്ണിയേട്ടന്റെ വീട്ടിൽ ചെന്നാൽ ഒരു ഗ്ളാസ് കട്ടൻ ചായ പതിവുണ്ട്. അത് ഉണ്ടാക്കുക കേശു ഭായി ആണ്, അതിനാൽ കേശുഭായി യുടെ കൈകൊണ്ടുണ്ടാക്കിയ ഒരു പാട് ചായ ഞാൻ കുടിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിനൊപ്പം ജീവിതം തുടങ്ങിയപ്പോൾ ഞാൻ കണ്ടത് പഴയ കേശുഭായിയെ ആയിരുന്നില്ല. മെലിഞ്ഞുണങ്ങിയ തളപളാ ഷർട്ടിട്ടു നടന്നിരുന്ന പഴയ കേശുഭായി തടിച്ച് കൊഴുത്തിരിക്കുന്നു. ഒരിക്കൽ ഞാൻ കുഞ്ഞുണ്ണിയേട്ടനോട് ചോദിച്ചു “കേശുഭായി എങ്ങിനെയാണ് ഇങ്ങിനെ തടിച്ചത്” ? കുഞ്ഞുണ്ണിയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “മോനെ, അതേയ് ഇപ്പോൾ ചേട്ടനാണ് അങ്ങോരെ നോക്കുന്നത്”. അത് ശരിയായിരുന്നു. ചേട്ടൻ എന്ന് എല്ലാവരോടും സ്വയം വിശേഷിപ്പിക്കുന്ന കുഞ്ഞുണ്ണിയേട്ടൻ ശരിക്കും ഒരു ചേട്ടന്റെ റോളിൽ തന്നെയായിരുന്നു കേശുഭായിയെ സംരക്ഷിച്ചിരുന്നത്.

ഒരു സാഹിത്യ കുതുകി അയാതിനാൽ കുഞ്ഞുണ്ണിയേട്ടൻ വീട്ടിൽ പത്രങ്ങളും വാരികകളും ഒക്കെ വരുത്തുക പതിവായിരുന്നു. ഞാൻ കരുതിയത് കേശുഭായിക്ക് ഭക്ഷണത്തിൽ മാത്രമേ ശ്രദ്ധയുള്ളൂ എന്നാണ്, എന്നാൽ പിന്നീടാണ് മനസ്സിലായത് പത്രങ്ങളും വാരികകളും ഒക്കെ അരിച്ച് പെറുക്കി വായിക്കുന്ന സ്വഭാവവും കേശുഭായിക്കുണ്ടെന്ന്. വാരികകളിൽ വരുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ലേഖനങ്ങൾ കേശുഭായി പലവുരു വായിക്കാറുണ്ടത്രെ. അതിനെക്കുറിച്ച് ഒരേ കാര്യം തന്നെ പല തവണ അയാൾ പറഞ്ഞുകൊണ്ടിരിക്കും. ഇടക്കൊക്കെ കേശു ഭായി പറയും, വൃത്തിയല്ലേ മനുഷ്യന് പ്രധാനം, ഭക്ഷണം മാത്രം അല്ലല്ലോ കാര്യം.

കുഞ്ഞുണ്ണിയേട്ടന്റെ തണലിലുള്ള സുഖ ജീവിതം കേശുഭായിക്ക് പക്ഷെ അധിക നാൾ വിധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ദിവസം നാണപ്പേട്ടനെ കാണാൻ ചെന്ന എന്നോട് ചേട്ടൻ പറഞ്ഞു “മോനെ, ചേട്ടൻ നാട്ടിൽ പോവാണ്” ഞാൻ കരുതി കുറച്ച് ദിവസം നാട്ടിൽ ചിലവഴിക്കാൻ പോകുകയാണെന്ന്. ഞാൻ ചോദിച്ചു “എന്നാ തിരിച്ച്” . “ഇല്ല മോനെ, ഇരി വരില്ല, മരുമക്കളൊക്കെ നിർബന്ധിക്കുന്നുണ്ട്, അമ്മാമ, ഇനി ഞങ്ങടെ കൂടെ ഇവിടെ കഴിഞ്ഞാൽ മതി, ബോംബയിൽ ഒറ്റക്ക് ആരും തുണയില്ലാതെ എത്ര കാലാ….. . ആലോചിച്ചപ്പോൾ ശരിയാണ് എന്ന് എനിക്കും തോന്നി, അതോണ്ട് ഞാൻ അടുത്താഴ്ച പോകാ. ”

എനിക്കും ആ വാർത്ത ഒരു വലിയ ഷോക്കായിരുന്നു. ഇടക്കൊക്കെ ചെന്നിരുന്നു മനസ്സ് തുറക്കാൻ പറ്റിയ ഒരു അത്താണിയായിരുന്നു. അതും നഷ്ടപ്പെടുകയാണ്. എന്തോ ഒരു ശൂന്യത എന്നെ വന്നു മൂടും പോലെ എനിക്കനുഭവപ്പെട്ടു.

എന്റെ സ്വാകാര്യ ദുഖങ്ങളെയും കേശുഭായിയുടെ ഭക്ഷണ പ്രിയത്തെയും അനാഥമാക്കി ഒരു ശനിയാഴ്ച കുഞ്ഞുണ്ണിയേട്ടൻ നാട്ടിലേക്ക് വണ്ടി കയറി. കുഞ്ഞുണ്ണിയേട്ടൻ പോയതിനു ശേഷം ഞാൻ ആ വഴി ചെല്ലാറില്ല. കേശുഭായിയെ കുറിച്ച് ഞാൻ അന്വേഷിച്ചുമില്ല. എങ്കിലും പലപ്പോഴും റോഡ് വക്കത്ത് താടിക്ക് കയ്യും കൊടുത്ത് എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന കേശുഭായിയെ ലോക്കൽ ട്രെയിൻ പിടിക്കാനുള്ള പാച്ചിലിൽ ഞാൻ ഒരു നോട്ടം കാണാറുണ്ട്.

കുറച്ച് ദിവസം മുന്നെയാണ് ഞാൻ കേശുഭായിയെ വീണ്ടും നേർക്ക് നേർ കാണുന്നത്. ഞാൻ എങ്ങോട്ടോ ധൃതി പിടിച്ച് പോകുകയായിരുന്നു, അപ്പോഴാണ് കേശുഭായി ദൂരെനിന്നും എന്നെ കൈ കൊട്ടി വിളിക്കുന്നത്. നടക്കാൻ വിഷമമുള്ള കാലുകൊണ്ട് പാട് പെട്ട നടന്നു കേശുഭായി എന്റെ മുന്നിൽ വന്ന് നിന്നു. പിന്നെ എന്റെ മുഖത്തേക്ക് കുറെ നേരം നോക്കി നിന്നു. ആ കണ്ണുകളിലെ വിഷാദം എന്നെ അസ്വസ്ഥനാക്കി. കുഞ്ഞുണ്ണിയേട്ടന്റെ പരിചരണത്തിൽ ഞാൻ കണ്ട കേശുഭായി അല്ലായിരുന്നു അത്, ഒട്ടിയ കവിളും കുഴിഞ്ഞ ദൈന്യത ഉണർത്തുന്ന കണ്ണുകളും പഴയതെങ്കിലും അലക്കി വെളുപ്പിച്ച ഷർട്ടും പാന്റും, ശൂന്യമായ പോക്കറ്റും.

ഞാൻ ചോദിച്ചു “എന്തിനാണ് എന്നെ വിളിച്ചത്” കേശുഭായി മറുപടി പറയാൻ വിമ്മിഷ്ടപ്പെടുന്ന പോലെ തോന്നി, പിന്നെ എങ്ങിനെ തുടങ്ങണം എന്നറിയാത്ത പോലെ പറഞ്ഞു “ഒന്നൂല്യ, കയ്യിൽ ഒരു പൈസ ഇല്ല,’ ഞാൻ ചോദിച്ചു ഭക്ഷണം കഴിച്ചില്ലേ, “അയ്യോ ഭക്ഷണം ഒക്കെ തരാൻചേട്ടൻ ഒരാളോട് പറഞ്ഞു വച്ചിട്ടുണ്ട്, ഉച്ചക്ക് അവിടെ പോയി കഴിക്കും”. പിന്നെ എന്തിനാണ് പൈസ, ഞാൻ ചിന്തിച്ചത് അങ്ങിനെയായിരുന്നു. ഒരു മനുഷ്യന് ഒരു നേരത്തെ ഭക്ഷണം മാത്രം മതിയോ, മരുന്ന് വസ്ത്രം സോപ്പ് വസ്ത്രം അലക്കാനുള്ള സോപ്പ് ദിവസം ഒരു ചായ എങ്കിലും……… ഇതൊന്നും ഞാൻ അപ്പോൾ ആലോചിച്ചില്ല. എന്റെ മനസ്സ് വായിച്ചെന്ന പോലെ കേശുഭായി പറഞ്ഞു, “അല്ലാ ഞാൻ ചോദിച്ചെന്നെ ഉള്ളൂ, ഇല്ലെങ്കിൽ വേണ്ട. . എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകും “….. ആ കണ്ണിൽ നിന്നും കണ്ണീർ ഉരുണ്ട് വീണുവോ… കണ്ണീരിനു നിറമില്ലാത്തതിനാൽ അതാരും ശ്രദ്ധിക്കാറില്ലല്ലോ. എങ്കിലും ഞാൻ ഒരു നൂറു രൂപ കയ്യിൽ വച്ച് കൊടുത്തു. അത് വാങ്ങുമ്പോൾ വീണ്ടും കേശുഭായിയുടെ നിസ്സഹായ മുഖം എന്നെ അസ്വസ്ഥനാക്കി.

കയ്യിൽ പൈസ ഇല്ലെന്നു പറയുമ്പോഴും കേശുഭായി അഭിമാനം കുറയ്ക്കാറില്ല, “പൈസ വരാനുണ്ട്, നാട്ടിൽ നിന്നും പെങ്ങന്മാർ പൈസ അയക്കും, അവർക്ക് ശമ്പളം കിട്ടാൻ വൈകി, അത് കാരണം ആണ്, അല്ലെങ്കിൽ ഒരു വിഷമവും ഇല്ല” ഇങ്ങനെയേ കേശുഭായി പറയൂ. സത്യത്തിൽ ഒരു മാസമെങ്കിലും ഇവരിൽ ആരെങ്കിലും കേശുഭായിയെ സഹായിച്ചിട്ടുണ്ടോ എന്ന് ദൈവത്തിനും കേശുഭായിക്കും അറിയാം.

കുഞ്ഞുണ്ണി ഏട്ടൻ പോയതിനു ശേഷം ഒരു പത്രമോ ടി.വി. യോ ഒന്നും ഇല്ലാത്ത ഒരു ഒറ്റ മുറിയിൽ കേശുഭായി ഒറ്റയ്ക്ക് ദിനങ്ങൾ തള്ളി നീക്കുന്നു. ഇടക്കൊക്കെ ഇങ്ങിനെ പറയും “ഒരു ജോലി കിട്ടിയിരുന്നെങ്കിൽ, ഒന്നും ഇല്ലെങ്കിലും ഭക്ഷണമെങ്കിലും……. ആ വരി ഒരിക്കലും പൂരിപ്പിച്ച് കേട്ടിട്ടില്ല. ……. പിന്നെ ഒരു ആത്മഗതം ആണ്, “അല്ലാ, ആരാ എനിക്കൊക്കെ ജോലി തരാ അല്ലെ, 3000 രൂപയ്ക്ക് ജോലി ചെയ്യാൻ തയ്യാറായി എൻജിനീയർമാരടക്കം തെക്കും വടക്കും നടക്കുന്നുണ്ട്.” വീണ്ടും ശൂന്യതയിലേക്ക് നോക്കി ….ഗതകാലങ്ങളിലേക്ക് മനസ്സ് ഊഴ്ന്നിറങ്ങും പോലെ.

പിന്നെ പലപ്പോഴും കേശുഭായിയെ വഴിക്കു വച്ച് കാണും കണ്ടാൽ ആദ്യം ചോദിക്കുക, ഇന്ന് സ്‌കൂളിൽ വല്ല പരിപാടിയും ഉണ്ടോ എന്നാണ്,” അടുത്തുള്ള സ്‌കൂളിൽ പതിവായി സാഹിത്യ സദസ്സുകളോ സാംസ്കാരിക സമ്മേളനങ്ങളോ നടക്കാറുണ്ട്. അതിലൊന്നും പങ്കെടുക്കാനുള്ള ഔൽസുക്യം കൊണ്ടൊന്നും അല്ല കേശുഭായി ഇതൊന്നും അന്വേഷിക്കുന്നത്. സ്‌കൂളിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഭക്ഷണവും ഉണ്ടാവും. അതാണ് അന്വേഷണത്തിന് പിന്നിലെ ഉദ്ദേശ്യം. കേശുഭായിക്ക് അത് തുറന്നു പറയാനും മടിയൊന്നും ഇല്ല, അദ്ദേഹം തന്നെ പറയും “അല്ല, പരിപാടി എന്തെങ്കിലും ഉണ്ടെങ്കിൽ ഭക്ഷണവും ഉണ്ടാവുമല്ലോ” . വിശപ്പിന്റെ വേദന എത്ര ഭയാനകമാണെന്ന് കേശുഭായിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഇന്നലെ വീണ്ടും ഞാൻ കേശുഭായിയെ കണ്ടു, ആൾ വലിയ സന്തോഷത്തിൽ ആയിരുന്നു. സ്‌കൂളിൽ പരിപാടിയുണ്ട്, കുറച്ചപ്പുറത്ത് അയ്യപ്പ പൂജയുണ്ട്, അവിടെ അന്നദാനവും ഉണ്ട്. കേശുഭായി പറഞ്ഞു, ഇന്ന് എന്തായാലും സ്‌കൂളിൽ നിന്നും കഴിക്കാം, ഇവിടെ ആവുമ്പോൾ നടക്കേണ്ടല്ലോ. ഇന്നലെയും ഒന്നും കഴിച്ചിട്ടില്ല, അതുകൊണ്ട് നടക്കാനൊന്നും വയ്യ. “ഞാൻ പറഞ്ഞു, പത്തു മിനുട്ട് നടന്നാൽ അവിടെ പൂജാ സ്ഥലത്ത് അന്നദാനം ഉണ്ടല്ലോ” സ്‌കൂളിൽ പരിപ്പും ചോറും മാത്രമേ കാണൂ, അന്ന ദാനത്തിന് ആണെങ്കിൽ നാല് കൂട്ടം കറികളും പായസവും കാണും. എന്റെ പ്രലോഭനത്തിൽ കേശുഭായി വീണെന്ന് തോന്നുന്നു. സ്‌കൂളിൽ ഭക്ഷണത്തിനു ക്യൂ നിൽക്കാൻ ഒരുങ്ങിയ കേശുഭായി പൂജ സ്ഥലത്തേക്ക് വേച്ച് വേച്ച് നടന്നു. പാവം അവിടുത്തെ വിഭവ സമൃദ്ധമായ സദ്യയായിരുന്നിരിക്കണം മനസ്സിൽ. ഒരു മൂന്നു മണിക്ക് സ്‌കൂളിലെ പരിപാടികൾക്കിടയിൽ ഇടക്കൊന്നു പുറത്തിറങ്ങിയ ഞാൻ കണ്ടു, അകലെ നിന്നും കേശുഭായി കിതപ്പടക്കാൻ പാടുപെട്ടു കൊണ്ട് വേച്ച് വേച്ച് നടന്നു വരുന്നു.

അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു “എങ്ങിനെ ഉണ്ടായിരുന്നു അന്നദാന സദ്യ”. ഇടറുന്ന ശബ്ദത്തോടെ കേശുഭായി പറഞ്ഞു “അവിടെ പൊതു ജനങ്ങൾക്ക് സദ്യയൊന്നും ഇല്ല, അവിടുത്തെ ജീവനക്കാർക്ക് മാത്രമേ ഇന്ന് സദ്യ ഉള്ളൂ വത്രേ. വയ്യാതെ കുറെ നടന്നു. സാരമില്ല ഇനി ഇവിടെനിന്നും കഴിക്കാം” വിശപ്പിലും കേശുഭായി ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു. “അയ്യോ ഇവിടുത്തെ ഭക്ഷണവും കഴിഞ്ഞല്ലോ, കേശുഭായി”. ഞാൻ വിഷമത്തോടെ പറഞ്ഞു. അത് കേട്ടതും കേശുഭായി ദയനീയ മായി എന്നെ ഒന്ന് നോക്കി, പിന്നെ ഒന്നും മിണ്ടാതെ സ്വന്തം വീട്ടിലേക്ക് തിരിഞ്ഞു നടന്നു. അകന്നകന്നു പോകുന്ന കേശുഭായിയുടെ നിഴലിൽ ഒരു നെരിപ്പോട് എന്റെ മനസ്സിനെ വിഴുങ്ങുന്ന പോലെ എനിക്കനുഭവപ്പെട്ടു…. അത് കത്തി പടരുകയായിരുന്നു.. എന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർ പക്ഷെ ഭൂമിയിൽ പതിച്ചില്ല, അതിനു മുന്നേ വൃശ്ചിക സൂര്യൻ അതിനെ വിഴുങ്ങിയിരുന്നു.

രാജൻ കിണറ്റിങ്കര