ശബരിമല സുപ്രീം കോടതി വിധി ശരിയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

 

സുപ്രീംകോടതി വിധി ശരിയാണെന്നും ഭക്തരെ ബോധ്യപ്പെടുത്തി സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. അതേസമയം ഫഡ്‌നാവിസ് അമിത് ഷായുടെ നിലപാടിനെ തള്ളി പറയാന്‍ തയ്യാറായില്ല. അമിത് ഷാ പറഞ്ഞതും ശരിയാണെന്നായിരുന്നു അതേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം.കോടതിവിധിയും ജനങ്ങളുടെ വികാരവും മാനിക്കപ്പെടണം. ശബരിമലയിലും കോടതിവിധിയും ആളുകളുടെ വികാരവും ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തണമെന്നും ഫഡ്നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള മുംബൈ ഹൈക്കോടതി വിധി ഫഡ്‌നാവിസ് സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഇടതുസര്‍ക്കാരിന് കോടതി വിധി നടപ്പിലാക്കാന്‍ സമ്മതിക്കാതെ ബിജെപി എതിര്‍ക്കുന്നതിലുള്ള ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.സുപ്രീംകോടതി വിധി ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണെന്നും എന്നാല്‍ ഭക്തരുടെ വിശ്വാസത്തിലും ചില കാര്യങ്ങളുണ്ടെന്നും, ആളുകളെ ബോധ്യപ്പെടുത്താന്‍ സമയമെടുക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. ശനി ശിംഗ്നാപ്പൂര്‍ കോടതി വിധി ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ജനങ്ങളത് അംഗീകരിച്ചു.
‘ഇടതുപക്ഷ സര്‍ക്കാരുമായി ഇതിന് ബന്ധമില്ല, സര്‍ക്കാരുകളേക്കാള്‍ കൂടുതലായി ജനങ്ങള്‍ക്കാണ് പ്രധാന്യം. ഒരു ദിവസം കൊണ്ട് ആളുകളെ മാറ്റാന്‍ ശ്രമിച്ചാല്‍ അതു സാധ്യമാവില്ല. സുപ്രീംകോടതി പറഞ്ഞത് ശരിയാണ്. പക്ഷെ അമിത് ഷാ പറഞ്ഞതും ശരിയാണ്’ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.