തൃപ്തിദേശായി നവംമ്പറില്‍ ശബരിമലയിലെത്തും

മുംബൈ:വനിത അവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്തും. തൃപ്തി ദേശായി ഇക്കാര്യം അവര്‍ മനോരമന്യൂസിനോടു സ്ഥിരീകരിച്ചിട്ടുണ്ട്.ശബരിമല വിഷയത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധവും, ശബരിമലയിലേക്കു പോയ യുവതികള്‍ക്കു തിരികെമടങ്ങേണ്ടിവന്ന സാഹചര്യവുമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണു സൂചന.യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുണെയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണു നീക്കം.
യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം, ഉടന്‍ ശബരിമലയിലേക്കുവരുമെന്നായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവായ അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍,സന്ദര്‍ശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികള്‍ക്കൊപ്പം താനും മലചവിട്ടുമെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുള്ളതിനാല്‍ മലചവിട്ടുന്നതിനു തടസ്സമില്ലെന്നു അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.